infection-alert

ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ രോഗികളുടെ രക്തക്കുഴലിൽ ഉണ്ടാകുന്ന അണുബാധകളിൽ പലതിന്റെയും ഉറവിടം ഇപ്പോഴും അജ്ഞാതമാണെന്ന് പുതിയ പഠനം. സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്ന ഇൻട്രാവീനസ് ട്യൂബുകൾ (ഐവി ട്യൂബ്) കൂടാതെ മറഞ്ഞിരിക്കുന്ന മറ്റ് അപകടസാദ്ധ്യതകളും ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇൻട്രാവീനസ് ട്യൂബുകൾ വഴിയുണ്ടാകുന്ന അണുബാധകളെ സെൻട്രൽ ലൈൻ (സിഎൽ) അസോസിയേറ്റഡ് ഇൻഫെക്ഷനുകൾ എന്നാണ് വിളിക്കുന്നത്. ഇവ മൂലമല്ലാതെ ഉണ്ടാകുന്ന അണുബാധകളെ നോൺ സെൻട്രൽ ലൈൻ അണുബാധകളെ കണ്ടെത്താനും തടയാനുമുള്ള പുതിയ വഴികൾ തേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠനം വിരൽ ചൂണ്ടുന്നു.


47 ആശുപത്രികളിലായി ഏഴ് വർഷം നീണ്ടുനിന്ന പഠനത്തിൽ 7,092 നോൺ- സെൻട്രൽ ലൈൻ അണുബാധകളാണ് രക്തക്കുഴലിലേക്ക് പ്രവേശിക്കുന്നുണ്ടെന്നാണ് ഗവേഷകർ നിരീക്ഷിച്ചത്. ആയിരം രോഗികളെടുത്താൽ ദൈനംദിന ശരാശരി 2.3 അണുബാധകൾ എന്ന നിരക്കിലാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുകളിലാണ് (എൻഐസിയു) ഏറ്റവും ഉയർന്ന നിരക്ക്. ആയിരം രോഗികൾ ദിവസവും 4.8 ശരാശരി എന്ന നിരക്കിൽ അണുബാധകളുണ്ടാകുന്നു. അനസ്തേഷ്യ (3.9), ന്യൂറോളജി (3.6), പൊള്ളൽ (3.2), മെഡിക്കൽ ഐസിയുകൾ (2.7) എന്നിവയാണ് തൊട്ടുപിന്നിൽ. അണുബാധയേറ്റവരിൽ 60 ശതമാനത്തിലധികം പേർക്കും ആശുപത്രിയിൽ പ്രവേശിച്ച് ഏഴ് ദിവസത്തിനുള്ളിൽ തന്നെ അണുബാധ ഉണ്ടാകുന്നു.


ശസ്ത്രക്രിയയിൽ നിന്നുണ്ടാകുന്ന മുറിവുകൾ, മൂത്രനാളിയിലേക്കുള്ള ട്യൂബുകൾ തുടങ്ങിയ മറഞ്ഞിരിക്കുന്ന ദ്വിതീയ ഉറവിടങ്ങളിൽ നിന്നാണ് നോൺ സെൻട്രൽ ലൈൻ അണുബാധകൾ ഉണ്ടാകുന്നത്. ചിലപ്പോൾ രോഗിയുടെ തന്നെ കുടൽ, ശ്വാസകോശം, ചർമ്മം എന്നിവിടങ്ങളിലെ ബാക്ടീരിയകൾ രക്തക്കുഴലിലേക്ക് കടക്കാനും സാദ്ധ്യതയുണ്ട്.

'ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി നോൺ സെൻട്രൽ ലൈൻ അണുബാധകളുടെ അളവും ഉറവിടങ്ങളും അറിയേണ്ടതുണ്ട്', പഠനത്തിന് നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൈക്രോബയോളജി പ്രൊഫസർ പൂർവ്വ മാത്തൂർ പറഞ്ഞു. ആശുപത്രികളിലെ അണുബാധ പ്രതിരോധ തന്ത്രങ്ങൾ പ്രധാനമായും സെൻട്രൽ ലൈൻ അസോസിയേറ്റഡ് അണുബാധകളെയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നോൺ-സെൻട്രൽ ലൈൻ അപകട ഘടകങ്ങൾക്കും തുല്യ പ്രാധാന്യം നൽകണമെന്ന് ഡോ. മാത്തൂരും സഹപ്രവർത്തകരും പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഐസിയുവിലെ രക്തപ്രവാഹ അണുബാധകളിൽ ഏകദേശം 40ശതമാനം നോൺ-സെൻട്രൽ ലൈൻ വിഭാഗത്തിൽ പെടുന്നവയാണ്.

നോൺ-സെൻട്രൽ ലൈൻ അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയകളിൽ പ്രധാനമായും ക്ലെബ്സിയെല്ല (34ശതമാനം), അസിനെറ്റോബാക്റ്റർ (31ശതമാനം), എസ്‌കേഷ്യ കോളി (11ശതമാനം) എന്നിവയാണുള്ളത്. ഇവയിൽ പലതും ഒന്നിലധികം ആന്റിബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്നു. ഒടുവിലത്തെ ആശ്രയമായി ഉപയോഗിക്കുന്ന കാർബപെനം എന്ന ആന്റിബയോട്ടിക്കിനെതിരെ 80 ശതമാനത്തിലധികം അസിനെറ്റോബാക്റ്റർ സ്പീഷിസുകൾ പ്രതിരോധശേഷി കാണിക്കുന്നതായി കണ്ടെത്തി.

മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് അണുബാധകൾ (എംഡിആ‌ർ) ഉണ്ടാകുന്ന രോഗികൾ ആശുപത്രിയിൽ കൂടുതൽ കാലം കഴിയേണ്ടി വരുന്നത് ചികിത്സാച്ചെലവ് വർദ്ധിപ്പിക്കുകയും ജീവന് ഭീഷണിയാകുന്ന സങ്കീർണതകൾക്ക് കാരണമാവുകയും ചെയ്യുന്നു. മറഞ്ഞിരിക്കുന്ന അണുബാധയുടെ ഉറവിടങ്ങൾ കണ്ടെത്തുകയും ആന്റിബയോട്ടിക് പ്രതിരോധം നിരീക്ഷിക്കുകയും ചെയ്യുന്നത് മരണനിരക്ക് കുറയ്ക്കുന്നതിന് അത്യാവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. അണുബാധയുടെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ശരീരഭാഗങ്ങളിലെ മറ്റ് സാംപിളുകൾ കൾച്ചർ ചെയ്യുകയും രോഗാണുക്കളെ താരതമ്യം ചെയ്യുകയും വേണമെന്ന് ഡോ. മാത്തൂർ കൂട്ടിച്ചേർത്തു.