jcb

കൊച്ചി: കൊച്ചി നഗരത്തിൽ നിന്ന് പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മോട്ടോർ വാഹനവകുപ്പ് (എംവിഡി) നശിപ്പിച്ചു. ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാറിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു എംവിഡിയുടെ നീക്കം. എയ‍ർഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് റോളറിന് പകരം മണ്ണുമാന്തിയന്ത്രത്തിൽ റോഡ് റോളർ ഭാഗം ഘടിപ്പിച്ചായിരുന്നു നടപടി.

കഴിഞ്ഞ കുറച്ചുദിവസമായി നടന്ന പ്രത്യേക പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകളാണ് ഇന്ന് ഉച്ചയോടെ നശിപ്പിച്ചത്. എയർഹോണുകള്‍ പിടിച്ചെടുത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ച് റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ ഉത്തരവ്. രാവിലെ കൊച്ചി നഗരത്തിൽ റോഡ് റോളര്‍ ഉപയോഗിച്ച് എയര്‍ഹോണുകള്‍ നശിപ്പിച്ചിരുന്നു. എന്നാൽ, ഉച്ചയ്ക്ക് റോഡ് റോളർ കിട്ടിയില്ല. പിന്നീടാണ് മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് റോഡ് റോളറിന് സമാനമായ ഭാഗം ഘടിപ്പിച്ച് എയർഹോണുകൾ തകർത്തത്.

അതേസമയം, എയര്‍ഹോണുകളുടെ പ്രധാന ഭാഗം വാഹനങ്ങളിൽ നിന്ന് ഊരി മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരത്തിൽ ചെയ്താൽ എയര്‍ലീക്ക് ഉൾപ്പെടെയുളള പ്രശ്നം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നത്. എന്നാൽ ഗുരുതരമായ മറ്റുഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാതെ എയര്‍ഹോണിൽ മാത്രം ഇത്തരത്തിലുള്ള അസാധാരണ നശിപ്പിക്കൽ നടപടിയെടുത്തതിൽ വിമർശനവും ഉയരുന്നുണ്ട്.