pic

ടെൽ അവീവ്: ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളെ തുടർന്ന് ആടിയുലഞ്ഞ വെടിനിറുത്തൽ കരാർ പുനഃസ്ഥാപിക്കപ്പെട്ടതോടെ ഗാസയിൽ ആശ്വാസം. തെക്കൻ ഗാസയിലെ റാഫയിൽ ഹമാസ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 46 പേർ കൊല്ലപ്പെട്ടിരുന്നു.

ഇതോടെ,ഗാസയിൽ യു.എസിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന വെടിനിറുത്തൽ തകർന്നേക്കുമെന്ന് ഭീതി ഉയർന്നു. യു.എസും ഖത്തറും അടക്കം മദ്ധ്യസ്ഥ രാജ്യങ്ങൾ നയതന്ത്രതലത്തിൽ നീക്കങ്ങൾ നടത്തിയതോടെ ഞായറാഴ്ച രാത്രി വൈകി ഇസ്രയേൽ ആക്രമണങ്ങൾ നിറുത്തി. ഗാസയിൽ വെടിനിറുത്തൽ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉറപ്പുനൽകി.

ട്രംപിന്റെ നിർദ്ദേശ പ്രകാരം അടിയന്തര ചർച്ചകൾക്കായി മരുമകൻ ജറേഡ് കുഷ്‌നറും മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇസ്രയേലിലെത്തി. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് ഇസ്രയേലിലെത്തും. വെടിനിറുത്തലിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് വേഗത്തിലാക്കാനുള്ള ശ്രമവും തുടങ്ങി. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ അൽ ഹയ്യ ചർച്ചകൾക്കായി ഈജിപ്റ്റിലെത്തി.

ഗാസയുടെ ഭാവി ഭരണവും ഹമാസിന്റെ നിരായുധീകരണവും ഉൾക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം. ആയുധം ഉപേക്ഷിക്കാൻ ഹമാസ് സമ്മതിച്ചിട്ടില്ല. അതേസമയം, ഗാസയിലേക്കുള്ള സഹായ വിതരണം നിറുത്തിവച്ച നടപടി ഇസ്രയേൽ ഇന്നലെ പിൻവലിച്ചു. കരീം ഷാലോം, കിസുഫിം അതിർത്തികൾ വഴി ട്രക്കുകളെ കടത്തിവിട്ടു.

ഹമാസിന് മുന്നറിയിപ്പ്

ഗാസയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുണ്ടാകുന്ന ഏതൊരു കരാർ ലംഘനത്തിനും തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ ഹമാസിനോട് ആവർത്തിച്ചു. മൂന്ന് പേർ ഇന്നലെ ഗാസ സിറ്റിയിൽ ഇസ്രയേലിന്റെ വെടിയേറ്റ് മരിച്ചു. ഇവർ നിയന്ത്രണ രേഖ മറികടന്നെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. മിക്കയിടത്തും നിയന്ത്രണ രേഖ സൂചിപ്പിക്കുന്ന അടയാളങ്ങൾ ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് ഈ മേഖല തിരിച്ചറിയാൻ കഴിയുന്നില്ല. ഇസ്രയേലും ഹമാസും പരസ്പരം വെടിനിറുത്തൽ ലംഘനങ്ങൾ ആരോപിക്കുന്നു.

നെതന്യാഹുവിനെതിരെ കാനഡ

ഇസ്രയേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഗാസയിലെ യുദ്ധക്കുറ്റത്തിന്റെ പേരിൽ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോടതിയുമായി കരാറില്ലാത്തതിനാൽ ഇസ്രയേലിലും യു.എസ്,ഇന്ത്യ,ചൈന തുടങ്ങിയ രാജ്യങ്ങളിലും വാറണ്ടിന് പ്രസക്തിയില്ല. എന്നാൽ ബ്രിട്ടൻ,ഓസ്ട്രേലിയ,കാനഡ തുടങ്ങി 125 രാജ്യങ്ങൾ കോടതിയിൽ അംഗങ്ങളാണ്.

97 മരണം

 വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് - ഒക്ടോബർ 10

 അന്ന് മുതൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനികൾ - 97

 പരിക്കേറ്റവർ - 230

 2023 ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടവർ - 68,216