
അഗളി: വസ്തുവിന്റെ തണ്ടപ്പേര് മാറ്റിക്കിട്ടാത്തതിൽ മനംനൊന്ത് അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ(52) ആണ് ഇന്നലെ രാവിലെ കൃഷി സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വസ്തുവിന്റെ തണ്ടപ്പേര് മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും ലഭിക്കാതെ വന്നതോടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.കൃഷ്ണസ്വാമിയുടെ മൂന്നേക്കർ കൃഷിഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണ്. ഇതു മാറ്റിക്കിട്ടാൻ റവന്യു ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ല. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നുമാണ് റവന്യു വകുപ്പിന്റെ ന്യായീകരണം. അതേസമയം അട്ടപ്പാടിയിൽ യഥാർത്ഥ കർഷകന്റെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലേക്ക് മാറ്റി ഭൂമി തട്ടിപ്പ് വ്യാപകമാണ്. കൃഷ്ണസ്വാമിയുടെ ഭൂമിയും വില്ലേജ് ഓഫീസർ മറ്റൊരാളുടെ പേരിലേക്ക് പോക്കുവരവ് ചെയ്തുവെന്ന ഗുരുതര ആരോപണവും ഉയർന്നിരുന്നു.