
ദേവസ്വം ബോർഡുകൾ ഉടച്ചുവാർക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രധാന ചുമതലകളിൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റടക്കമുള്ള ഭരണസമിതി രാജിവയ്ക്കണമെന്നും കേരള കൗമുദിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു. പ്രസക്തഭാഗങ്ങളിൽ നിന്ന്:-
? സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചില്ലേ.
ഉണ്ണികൃഷ്ണൻ പോറ്റി ഒരു കണ്ണി മാത്രമാണ്. ദേവസ്വം ബോർഡിൽ പല പദവികളുണ്ടെങ്കിലും ഒന്നിച്ച് നിന്നാണ് പല കാര്യങ്ങളും ചെയ്യുന്നത്. പ്രസിഡന്റ് ഉൾപ്പെടെയുള്ള എല്ലാ ആളുകളും ഇതിലെ കണ്ണികളാണ്. ദേവസ്വം ബോർഡ് ഉടച്ചു വാർക്കണം, ഈ സിസ്റ്റം പരാജയമാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും സ്ഥാനമാനങ്ങൾ കിട്ടാത്തവരുടെയും ഇടമായി ദേവസ്വം ബോർഡുകൾ മാറി. അവർക്ക് എന്ത് പ്രവർത്തന പരിചയം. അതിന് മന്ത്രിയെ ചീത്ത പറഞ്ഞിട്ട് കാര്യമില്ല. മന്ത്രിക്ക് ഇതിൽ ഉത്തരവാദിത്വമില്ല.
മൂന്ന് മന്ത്രിമാർ ഭരിക്കേണ്ട വകുപ്പുകളാണ് വാസവൻ ഒറ്റയ്ക്ക് ചെയ്യുന്നത്. മന്ത്രിക്ക് ചെയ്യാൻ പറ്റുന്നതെല്ലാം വാസവൻ ചെയ്യുന്നുണ്ട്. വിനയമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. രാജിവയ്ക്കേണ്ടത് മന്ത്രിയൊന്നുമല്ല. ദേവസ്വം പ്രസിഡന്റ് അടക്കമുള്ള ബോർഡ് മെമ്പർമാരാണ്.
?ദേവസ്വം ബോർഡ് ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിക്കേണ്ടത്.
ഈ സിസ്റ്റം എല്ലാം പിരിച്ചു വിട്ടിട്ട് ഐ.എ.എസുകാരനെ സെക്രട്ടറിയാക്കി വയ്ക്കണം. ദേവസ്വം കമ്മിഷണറും തിരുവാഭരണം കമ്മിഷണറുമൊക്കെ ഐ.എ.എസുകാരാകണം. മന്ത്രിയുടെ കൈയിൽ താക്കോൽ ഇരിക്കണം. ചെയർമാൻ പദവിയിൽ രാഷ്ട്രീയക്കാരാകട്ടെ. അവരെ ഒഴിവാക്കാൻ പാടില്ല, പക്ഷേ ഉയർന്ന പോസ്റ്റിൽ ഐ.എ.എസുകാർ വരണം. അതിന്റെ കടിഞ്ഞാൺ മന്ത്രിക്കും നൽകണം. അങ്ങനെ വന്നാൽ ഒരു അഴിമതിയും നടക്കില്ല. ഇപ്പോഴുള്ള പല ഉദ്യോഗസ്ഥർക്കും യോഗ്യത പോലുമില്ല.
അടിയന്തരമായി കേരളത്തിലെ ദേവസ്വം ബോർഡുകൾ ഉടച്ചു വാർക്കണം. മലബാർ ദേവസ്വം ബോർഡിൽ ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്, പലയിടത്തും സാമ്പത്തികശേഷി കുറവാണ്. ഗുരുവായൂരിനും ഒരുപാട് പണമുണ്ട്. ഇതെല്ലാം ബാങ്കിലിട്ടിട്ട് ആർക്ക് പ്രയോജനം. അതെല്ലാം പ്രയോജനകരമായി മാറ്റണം. തിരുവിതാംകൂറിൽ 1251 ക്ഷേത്രങ്ങളുണ്ട്. അതിൽ 51 ക്ഷേത്രം മാത്രമേ സ്വയം പര്യാപ്തമായിട്ടുള്ളു. ബാക്കിയെല്ലാം നിലനിൽക്കുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ടാണ്. മലബാറിലും ഒരു രക്ഷയുമില്ല. ഇതെല്ലാം ആളുകൾക്ക് പ്രയോജനകരമായ രീതിയിൽ മാറ്റണം. കേരളം മുഴുവനായും ഒന്നല്ലെങ്കിൽ രണ്ട് ദേവസ്വം ബോർഡുകൾ. അതല്ലേ ഭരണസൗകര്യവും. ഈ രീതിയിലാക്കി ഐ.എ.എസുകാരെ പോസ്റ്റു ചെയ്താൽ, ഒരു മോഷണവും നടക്കില്ല. ഇപ്പോഴുള്ള ഏതു ദേവസ്വം ബോർഡിലെ രജിസ്റ്റർ പരിശോധിച്ചാലും സ്റ്റോക്കും രജിസ്റ്ററും തമ്മിൽ ഒരു ബന്ധവും കാണില്ല. അമ്പലങ്ങളിലെ വരവിന്റെ പകുതിപോലും കണക്കിലുണ്ടാവുകയില്ല. ഈ തട്ടിപ്പ് അവസാനിപ്പിക്കേണ്ട സമയമായി. ഇതൊരു നിമിത്തം പോലെ അയ്യപ്പൻ കൊണ്ടുവന്നതാണ്.
?അയ്യപ്പസംഗമത്തോടെ എൻ.എസ്.എസും എസ്.എൻ.ഡി.പിയുമായുള്ള അകലം കുറഞ്ഞോ.
എൻ.എസ്.എസ് കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങി. പരസ്യമായി മറുപടി പറയുന്നില്ലെങ്കിലും എല്ലാം മനസിലുണ്ട്. ന്യൂനപക്ഷ പീഡനവും പ്രീണനവും കടന്ന് വളരെക്കയറി. ഇതിനെതിരെ ഭൂരിപക്ഷത്തിന്റെ ഒരു മുന്നേറ്റം ഇവിടെ അനിവാര്യമാണെന്ന ചിന്ത, എൻ.എസ്.എസ് നേതൃത്വത്തിനും അനുയായികൾക്കും ഉണ്ടായിട്ടുണ്ട്.
?കേരളത്തിൽ പൊതുവേ ജാതിയും വർഗ്ഗീയതയുമൊക്കെ വർദ്ധിക്കുകയാണോ.
വളരെ ശക്തമായി വർദ്ധിച്ചു. വർദ്ധിക്കേണ്ട സാഹചര്യം വന്നു. കാരണം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടി. ആനുപാതികമായി നമുക്ക് ഉയർന്നെന്ന് പറയാം. പക്ഷേ, മറ്റുള്ളവരുമായിട്ട് നോക്കുമ്പോൾ പണ്ടുള്ളതിൽ നിന്ന് ഒരുപാട് കാതം അകലെയായി. ന്യൂനപക്ഷക്കാർ, ന്യൂനപക്ഷ പദവി എന്ന് പറഞ്ഞ് ഒന്നായി നിന്നുകൊണ്ട് അവര് നന്നായി. രാഷ്ട്രീയത്തിൽ ഉൾപ്പെടെ എല്ലായിടത്തും പിടിമുറുക്കി. മുസ്ലിം ലീഗിനെ പണ്ട് നെഹ്റു വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്. ആ നെഹ്റുവിന്റെ കോൺഗ്രസുകാർ ആ കുതിരപ്പുറത്തല്ലേ കയറി സെക്രേട്ടറിയറ്റിൽ എത്തുന്നത്!
? മുസ്ലിം ലീഗ് ഒരു മതേതര കോമഡിയാണെന്ന് പറയാൻ കാരണം.
മുസ്ലിം ലീഗ് എന്നുപറഞ്ഞാൽ അതിന്റെ അർത്ഥം മുസ്ലിം കൂട്ടായ്മ എന്നല്ലേ? ആ മുസ്ലിം കൂട്ടായ്മ എന്ന് പറഞ്ഞിട്ട് അത് മതേതര പാർട്ടിയാണെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. മുസ്ലിം ലീഗ് ഒരു വർഗ്ഗീയ പാർട്ടിയാണ്. വഖഫ് ബോർഡിന്റെ അഫ്ഡവിറ്റ് സുപ്രീം കോടതിയിൽ കൊടുത്തപ്പോൾ, മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കും ഉന്നതിക്കും വേണ്ടി പ്രവർത്തിക്കുകയാണ് ഞങ്ങളുടെ കടമ എന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്.
?മുസ്ലിം വിരുദ്ധനാണോ.
ഒരിക്കലുമല്ല. മുസ്ലീങ്ങളിൽ എത്രയോ നല്ല ആളുകളുണ്ട്. പലരുമായും അടുത്തബന്ധമുണ്ട്. കൊല്ലത്തുകാരൻ നിസാറാണ് വർഷങ്ങളായി ഞങ്ങളുടെ അഡ്വക്കേറ്റ്. മുസ്ലിങ്ങൾക്കിടയിലെ തീവ്രവാദികളെയാണ് എതിർക്കുന്നത്. യഥാർത്ഥ മുസ്ലിങ്ങളോട് എല്ലാവർക്കും സ്നേഹമാണ്. നബി പറഞ്ഞത്, താൻ കിടന്നുറങ്ങുന്നതിനു മുമ്പ് അയൽവക്കത്തുകാരനും ഭക്ഷണം കഴിച്ചിട്ടുണ്ടോ എന്ന് തിരക്കി അവൻ കഴിച്ചില്ലെങ്കിൽ ഭക്ഷണം കൊടുത്തിട്ടേ ഉറങ്ങാവൂ എന്നാണ്. ഞാൻ മലപ്പുറത്ത് പോയിട്ട് നമ്മുടെ സമുദായത്തിന് ഒരു പള്ളിക്കൂടം തന്നില്ലെന്ന് പറഞ്ഞപ്പോൾ എന്നെ വർഗ്ഗീയവാദിയാക്കി. ഞാൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന രീതിയിൽ വളച്ചൊടിച്ചു. മുസ്ലിങ്ങളെ ഞാൻ കടന്നാക്രമിച്ചെന്നും പറഞ്ഞു. മുസ്ലിങ്ങളെ ഒരിക്കലും ഞാൻ ആക്രമിക്കുന്നില്ല. മുസ്ലിം ലീഗിന്റെ ഇത്തരം നയങ്ങളെയാണ് എതിർക്കുന്നത്.
?മൂന്നാം ടേമിലും പിണറായി മുഖ്യമന്ത്രിയാകുമെന്ന് പറയാൻ കാരണം.
ഒരൊറ്റ കാര്യമേ ഉള്ളൂ. ഇടതുപക്ഷത്തിന്റെ ഗുണകരമായ ഭരണം കൊണ്ടല്ല. യു.ഡി.എഫ്. വളരെ ദുർബലമാണ്. അത് പറയാൻ കാരണം, ഇന്ന് ബി.ജെ.പി ശക്തമായിട്ട് വളർന്നു കഴിഞ്ഞു. മാത്രമല്ല, ബി.ജെ.പി വളരാൻ കൂടുതൽ സഹായകരമാകുന്നത് മുസ്ലിങ്ങളുടെ കടന്നുകയറ്റവും അവരുടെ ആധിപത്യവും ഇതര മതങ്ങളിലും ആശങ്ക ഉണ്ടാക്കുന്നുണ്ട്. പലരും മിണ്ടുന്നില്ലെന്നേ ഉള്ളൂ.
അടുത്തവർഷം ത്രികോണ മത്സരം ശക്തമായിരിക്കും. ആ ശക്തിയുടെ ഗുണം കിട്ടുന്നത് എൽ.ഡി.എഫിനായിരിക്കും.
?അത് പിണറായി നയിക്കുന്ന എൽ.ഡി.എഫിനാണോ?
അതെ. പിണറായി നയിക്കാത്തൊരു എൽ.ഡി.എഫിന് ഇവിടെ വട്ട പൂജ്യമായിരിക്കും കിട്ടാൻ പോകുന്നത്. പിണറായി മുഖ്യമന്ത്രിയായി ഇവിടെ ഭരിക്കാനാണ് ജനം ഇഷ്ടപ്പെടുന്നത്. പിണറായി നല്ല നേതൃപാടവമുള്ള നേതാവാണ്, ആജ്ഞാശക്തിയുണ്ട്. അതോടൊപ്പം തന്നെ അനുസരിപ്പിക്കാനുള്ള കപ്പാസിറ്റിയും പിണറായിക്കുണ്ട്.
?എൻ.എസ്.എസ് സമദൂരം എന്നുള്ള നിലപാട് ശരിദൂരം എന്നാക്കി. എസ്.എൻ.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് എന്താണ്?
ശരി ആര് ചെയ്യുന്നുവോ അവരോടൊപ്പം നിൽക്കും.
? ഇപ്പോൾ ആരുടെ ഒപ്പമാണ്. എൽ.ഡി.എഫിന് പൂർണ്ണ പിന്തുണയുണ്ടോ.
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രശ്നാധിഷ്ഠിതമായി നിൽക്കുന്നു. ചില കാര്യത്തിൽ എൽ.ഡി.എഫിനോട് യോജിപ്പും മറ്റു ചില കാര്യത്തിൽ വിയോജിപ്പുമുണ്ട്. ശബരിമലയുടെ കാര്യത്തിൽ നമുക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
?മന്ത്രി ഗണേശ് കുമാറിനെ വിമർശിച്ച് സംസാരിച്ചതെന്ത്.
അദ്ദേഹം വേറെ ലെവലാണെന്നാണ് പറയുന്നത്. സ്വഭാവത്തിലും വ്യക്തിത്വത്തിലുമൊക്കെ ഫ്യൂഡൽ മാടമ്പിയാണ്. കെ.എസ്.ആർ.ടി.സി ബസിൽ രണ്ട് കുപ്പി കിടന്നതിന് ചാനലുകാരെയും വിളിച്ച് വലിയ മാഹാത്മ്യമായി കാണിക്കുകയാണ്. ഇതൊക്കെ വെറും അല്പത്തരമാണ്. അദ്ദേഹത്തിന്റെ പദവി തന്നെ പിണറായിയുടെ ഔദാര്യമല്ലേ.
?കോൺഗ്രസ് നേതാക്കളോടെല്ലാം എതിർപ്പാണോ, പ്രത്യേകിച്ചും വി.ഡി സതീശനോട്.
അദ്ദേഹത്തിന്റെ സംസാരത്തിൽ ധിക്കാരവും ധാർഷ്ട്യവും പ്രകടമാണ്. തന്നെക്കാൾ പ്രായമുള്ള പിണറായിയോടു പോലും സംസാരിക്കുന്നതും വിരൽ ചൂണ്ടിയാണ്. കെ.പി.സി.സി എന്തു പറഞ്ഞാലും എതിർ അഭിപ്രായം പറയുമായിരുന്നു. അങ്ങനെ സ്വന്തം പാർട്ടിയിലുള്ള ആളെ വെട്ടി നിരത്തി നേതാവായ ആളാണ്. ഗുരുത്വദോഷമുണ്ട് അതാണ് ഇപ്പോൾ അനുഭവിക്കുന്നതും. ഞാനുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതാണ്. എന്നെ സന്ദർശിക്കാൻ അനുവാദം നൽകിയിരുന്നതാണ്, പ്രതിപക്ഷ നേതാവായതോടെ ധിക്കാരപരമായി പെരുമാറാൻ തുടങ്ങി. അപ്പോൾപ്പിന്നെ വരേണ്ടെന്ന് പറഞ്ഞു.
?കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം കിട്ടുകയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി
അത് കവിടി നിരത്തി നോക്കേണ്ടി വരും! ഇപ്പോൾത്തന്നെ ജംബോ കമ്മിറ്റിയാണ്. അവർക്കുപോലും അറിയില്ല ആരാകണമെന്ന്. കോൺഗ്രസിൽ ആരെ എപ്പോൾ കാലുവാരുമെന്ന് പറയാൻ പറ്രില്ല.
?യോഗത്തിലും ട്രസ്റ്റിലും ഉത്തരവാദിത്വം ഏറ്രെടുത്തിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. എന്ത് തോന്നുന്നു.
കേസും പ്രശ്നങ്ങളും പ്രതിസന്ധികളുമായി ഇങ്ങനെ പോകുന്നു. പിന്നെ ഒരു കാര്യം ഈഴവനും എസ്.എൻ.ഡി.പിയും ഉണ്ടെന്ന് ലോകത്തെ അറിയിക്കാൻ എനിക്ക് സാധിച്ചു, എവിടെ ചെന്നാലും എന്നെയും സമുദായത്തെയും സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. അതൊക്കെയാണ് ഓരോ ദിവസവും മുന്നോട്ടു നയിക്കുന്ന ഊർജം.
(അഭിമുഖം പൂർണരൂപം കാണാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക)