
ബീഹാർ: ചായക്കടക്കാരന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു കോടിയിലധികം രൂപയും 344 ഗ്രാെ സ്വർണവും പിടിച്ചെടുത്തു. സൈബർ തട്ടിപ്പ് കേസിൽ അഭിഷേക് കുമാർ, ആദിത്യ കുമാർ എന്നീ സഹോദരങ്ങളെ ബീഹാർ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു. ഇതിൽ അഭിഷേക് കുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പണവും ആഭരണങ്ങളും പിടിച്ചെടുത്തത്. അമൈതി ഖുർദ് ഗ്രാമത്തിലെ വീട്ടിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സൈബർ ക്രൈം റാക്കറ്റിൽ ഉൾപ്പെടുന്നതിന് മുൻപായി അഭിഷേക് കുമാർ ചായക്കട നടത്തിയിരുന്നു. പിന്നീട് ദുബായിലേക്ക് താമസം മാറ്റിയ ഇയാൾ അവിടെ നിന്നും തട്ടിപ്പിന് ഏകോപനം നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ സഹാദരൻ ആദിത്യ കുമാറാണ് ഇന്ത്യയിലെ ഇടപാടുകൾ കൈകാര്യം ചെയ്തത്.
റെയ്ഡിൽ 85 എടിഎം കാർഡുകൾ, 75 ബാങ്ക് പാസ്ബുക്കുകൾ, 28 ചെക്ക് ബുക്കുകൾ, ആധാർ കാർഡുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു ആഡംബര കാർ എന്നിവയും പിടിച്ചെടുത്തതായി സൈബർ ഡിഎസ്‌പി അവന്തിക ദിലീപ് കുമാർ പറഞ്ഞു.
പിടിച്ചെടുത്ത ബാങ്ക് പാസ്ബുക്കുകളിൽ ഭൂരിഭാഗവും ബംഗളൂരുവിൽ നിന്നുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. അതിനാൽ അന്വേഷണം ബീഹാറിന് പുറത്തുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ദേശീയ തലത്തിലുള്ള ഏതെങ്കിലും സൈബർ നെറ്റ്‌വർക്കുകളുമായി പിടിയിലായവർക്ക് ബന്ധം ഉണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവ പരിശോധിക്കുന്നതിനായി ആദായനികുതി വകുപ്പ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നീ സംഘങ്ങളും അന്വേഷണത്തിൽ പങ്കുചേർന്നു. അറസ്റ്റിലായ സഹോദരങ്ങളെ രണ്ട് ദിവസമായി പൊലീസ് ചോദ്യം ചെയ്തുവരികയാണ്
തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് മാറ്റി പിന്നീട് പണമാക്കി മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചെന്ന് ഡിഎസ്‌പി പറഞ്ഞു. റാക്കറ്റിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.