
മുംബയ്: മോഷ്ടിക്കപ്പെട്ടതിൽ 800 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി മുംബയ് പൊലീസ്. കിഴക്കൻ മേഖല അഡീഷണൽ പോലീസ് കമ്മീഷണർ ഡോ. മഹേഷ് പാട്ടീലിന്റെയും സോൺ 6 ലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സമീർ ഷെയ്ഖിന്റെയും നേതൃത്വത്തിലാണ് ഉടമകൾക്ക് ഫോണുകൾ തിരികെ നൽകിയത്. സ്‌പെഷ്യൽ ദീപാവലി റിട്ടേൺ സമ്മാനം എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചു.
നഷ്ടപ്പെട്ടതും മോഷ്‌ടിക്കപ്പെട്ടതുമായ വിലപിടിപ്പുള്ള വസ്‌തുക്കൾ കണ്ടെത്തുന്നതിനും പുനസ്ഥാപിക്കുന്നതിനുമായി നടത്തിയ കാമ്പെയിനിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയത്. ഡിസിപി സോൺ ആറിനു കീഴിലാണ് കാമ്പെയിൻ നടത്തിയത്. മൊബൈൽ ഫോണുകൾ തിരികെ നൽകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മുംബയ് പൊലീസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൂപ്പർ മൂവ് എന്ന് പൊലീസുകാരുടെ നീക്കം പ്രശംസിക്കപ്പെട്ടു.
"നമ്മുടെ ധീരരായ നായകന്മാർക്ക് സല്യൂട്ട്", "നിങ്ങളുടെ പ്രവൃത്തി ഹൃദയസ്പർശിയാണ്" തുടങ്ങിയ കമന്റുകളോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സേനയുടെ നീക്കത്തെ പ്രശംസിച്ചു. ആദ്യ ശമ്പളം കൊണ്ട് വാങ്ങിയ ഫോൺ നഷ്ടപ്പെട്ട ഒരു ഉപയോക്താവ് പൊലീസുകാർക്ക് നന്ദി അറിയിച്ചു. അതേസമയം, പലരും തങ്ങൾ നേരിടുന്ന പ്രശ്നം പൊലീസിനെ അറിയിക്കാനും അവസരം ഉപയോഗപ്പെടുത്തി. തങ്ങളുടെ മൊബൈൽ ഫോണുകളും നഷ്ടമായെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും പലരും നിരാശ പങ്കുവച്ചു.