
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് സ്വർണക്കവർച്ച തന്നെയെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നതെന്ന് ഹൈക്കോടതിയിൽ ഇന്ന് നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്‌ഐടി അറിയിക്കും. പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്‌ഐടി കോടതിയെ അറിയിക്കുമെന്നാണ് വിവരം.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്നുമുതൽ ഹൈക്കോടതി നടപടികൾ അടച്ചിട്ട മുറിയിലായിരിക്കും നടക്കുകയെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഹൈക്കോടതി രജിസ്‌ട്രാർ ഉത്തരവിറക്കി.
അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് 19ന് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ബംഗളൂരു സ്വദേശിയായ ഇയാളെ വിളിച്ചുവരുത്തി ഇന്നലെയും ചോദ്യം ചെയ്തിരുന്നു. പോറ്റിയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.
സ്വർണപ്പാളികൾ സന്നിധാനത്തുനിന്ന് ബംഗളൂരുവിലേയ്ക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. പോറ്റിയുടെ പേരിൽ ഒപ്പിട്ടാണ് അനന്ത സുബ്രഹ്മണ്യം സ്വർണം ഏറ്റുവാങ്ങിയത്.ഇവിടെ നിന്ന് ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ എത്തിക്കുന്നതിനിടെ സ്വർണം കവരുകയായിരുന്നുവെന്നാണ് എസ്‌ഐടിയുടെ നിഗമനം. കവർന്ന സ്വർണം കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ വ്യവസായികൾക്കടക്കം വിറ്റെന്നാണ് നിഗമനം. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.