uae

അബുദാബി: യുഎഇയിൽ വ്യാപകമായി പ്രചരിക്കുന്ന തെറ്റിദ്ധാരണയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ. ഹൃദ്രോഗങ്ങൾ കൂടുതലും പുരുഷന്മാരെയാണ് ബാധിക്കുകയെന്ന തെറ്റിദ്ധാരണയാൽ സ്ത്രീകളിൽ രോഗങ്ങൾ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും വൈകുന്നതായി ‌ഡോക്‌ടർമാർ ചൂണ്ടിക്കാട്ടുന്നു.

കഴുത്ത്, താടിയെല്ല്, തോൾ എന്നിവിടങ്ങളിലെ അസാധാരണമായ വേദന, ശ്വാസതടസം എന്നിവ സ്ത്രീകളിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാമെന്ന് ഡോക്‌ടർമാർ വ്യക്തമാക്കുന്നു. സാധാരാണയായി കാണാറുള്ള നെഞ്ചുവേദന സ്‌ത്രീകളിൽ കാണപ്പെടുന്നത് കുറവാണെന്ന് യുഎഇയിലെ ആസ്റ്റ‌ർ ഹോസ്‌പിറ്റൽസ് ആന്റ് ക്ളിനിക്ക്‌സിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. നവീദ് അഹ്മദ് പറയുന്നു. ചിലർക്ക് കഴുത്ത് വേദനയോ, താടിയെല്ല് വേദനയോ, തോളിൽ മരവിപ്പ് അനുഭവപ്പെടുകയോ തോളിയെല്ലിലെ ബ്ലേഡിന് നടുവിലായി വേദനയോ ആകാം അനുഭവപ്പെടുക. ചിലർക്ക് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ദഹനക്കേടോ ഹൃദയമിടിപ്പ് കൂടുന്നതോ അസാധാരണമായുള്ള തളർച്ചയോ ആകാമെന്നും ഡോക്‌ടർ മുന്നറിയിപ്പ് നൽകി.

ആഗോളതലത്തിൽ സ്‌ത്രീകളുടെ മരണത്തിലെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് കാർഡിയോവാസ്‌കുലർ ഡിസീസെസ് അഥവാ ഹൃദ്രോഗങ്ങളാണ്. സ്ത്രീ മരണങ്ങളിൽ 30 ശതമാനവും ഇക്കാരണത്താലാണെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ പഠനങ്ങളിൽ സ്ത്രീകളുടെ പങ്ക് പലപ്പോഴും കുറവാണെന്ന് ഡോ. നവീദ് പറഞ്ഞു. ഇത് ലിംഗപരമായ പ്രത്യേക ലക്ഷണങ്ങളെക്കുറിച്ച് ഡോക്ടർമാർക്കും രോഗികൾക്കും അവബോധമില്ലായ്മയിലേക്ക് നയിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി എന്നിവ ഇരുലിംഗക്കാരെയും ഒരുപോലെ ബാധിക്കുമ്പോൾ, സ്ത്രീകൾക്ക് അധിക ഭീഷണികൾ നേരിടേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഗർഭധാരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ സ്ത്രീകൾ നേരിടേണ്ടിവരുന്നു. പ്രത്യേകിച്ച് ആർത്തവവിരാമത്തിന് മുമ്പും ശേഷവുമാണ് സ്ത്രീകളിൽ അപകടസാദ്ധ്യത കൂടുതലെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.