vishnu-unnikrishnan

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ. ഇപ്പോഴിതാ താൻ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ. 'ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ‌്‌നേഹം. ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു' എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുട്ടികളുടെ കുഞ്ഞിക്കാലുകളുടെ ചിത്രവും വിഷ്ണു പങ്കുവച്ചിട്ടുണ്ട്.

'എത്ര മനോഹരം,​ വിഷ്‌ണുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ' എന്നാണ് ദുൽഖർ സൽമാൻ പോസ്റ്റിന് കമന്റ് ചെയ്തത്. സംവിധായകൻ തരുൺ മൂർത്തി,​ നടൻ വിനയ്‌ ഫോർട്ട് തുടങ്ങിയവർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. 2020 ഫെബ്രുവരിയിലാണ് വിഷ്‌ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും വിവാഹിതരായത്. ഇവർക്ക് മാധവ് എന്ന മകനുമുണ്ട്.

നടനും തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് വിഷ്‌ണു ഉണ്ണികൃഷ്ണൻ. ബാലതാരമായി സിനിമയിൽ എത്തിയ വിഷ്‌ണുവിന്റെ തുടക്കം എന്റെ വീട് അപ്പൂന്റേയും സിനിമയിലൂടെയായിരുന്നു. ബാലതാരമായി രാപ്പകൽ, അമൃതം, പളുങ്ക്, കഥ പറയുമ്പോൾ, മായാവി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്,​ ഇന്ദ്രജിത്ത്,​ ജയസൂര്യ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ 'അമർ അക്ബർ അന്തോണി' സിനിമയുടെ തിരക്കഥാകൃത്തായിരുന്നു. സുഹൃത്തും നടനുമായ ബിബിൻ ജോർജ്ജിനൊപ്പമായിരുന്നു തിരക്കഥയിലേക്ക് വിഷ്‌ണു ചുവടുവച്ചത്.

വിഷ്‌ണു ലീഡ് റോളിലെത്തിയ 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രം വൻ വിജയമായിരുന്നു. ഇടിയൻ ചന്തു,​ താനാര തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. നാദിർഷ സംവിധാനം ചെയ്യുന്ന മാജിക് മഷ്‌റൂംസ്,​ ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന ഭീഷ്‌മർ എന്നിവയാണ് നടന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

View this post on Instagram

A post shared by Vishnu Unnikrishnan (@vishnuunnikrishnan.onair)