-vedika-sundar-balakrishn

മുംബയ്: നവി മുംബയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. മരണപ്പെട്ടവരിൽ ആറുവയസുകാരിയായ പെൺകുട്ടിയുമുണ്ട്. മുംബയ് വാഷിയിലെ എംജി കോംപ്ളക്‌സിൽ റഹേജ റെസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.

പുലർച്ചെ 12.40ഓടെ കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. വേദിക സുന്ദ‌ർ ബാലകൃഷ്‌ണൻ (ആറ്), സുന്ദർ ബാലകൃഷ്‌ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികൾ. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. കമല ഹീരാലാൽ ജെയിൻ (84) ആണ് മരണപ്പെട്ട മറ്റൊരാൾ. ഇവരെല്ലാവരും രഹേജ റെസിഡൻസിയിലെ താമസക്കാരാണ്. അപകടത്തിൽ പരിക്കേറ്റവരെ ഫോർട്ടിസ് ഹീരാനന്ദനി, എംജിഎം എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയതായും നവി മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ പുരുഷോത്തം ജാദവ് പറഞ്ഞു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു.

വാഷി, നെറുൽ, എയ്‌റോലിസ കോപർഖൈറാനെ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാസേനയെത്തിയത്. ഏറെ നേരത്തെ ശ്രമത്തിനുശേഷം തീ നിയന്ത്രണവിധേയമാക്കിയതായും കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. വാഷി അഗ്നിരക്ഷാസേന, നവി മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ എന്നിവർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.