shabarimala-gold-case

കൊച്ചി: ശബരിമല സ്വർണകൊള്ളയിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കേസ് നവംബർ 15 പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഗൂഢാലോചന നടന്നെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ എസ്പിയായ ശശിധരനും വിജിലൻസ് എസ്പി സുനിൽ കുമാറും ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ നടന്നത്.

പത്ത് ദിവസത്തെ അന്വേഷണത്തിൽ സ്വ‌‌ർണം ഏതൊക്കെ രീതിയിൽ പോയിട്ടുണ്ടെന്നുള്ള കാര്യങ്ങൾ കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥ‌ർ വിശദമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയടക്കം ബംഗളൂരുവിലും ചെന്നൈയിലും നടത്തിയ ഗൂഢാലോചനകൾ സ്വർണം എവിടെയെല്ലാം പോയി എന്നുള്ളതടക്കമുള്ള കാര്യങ്ങളാണ് കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്, കൂടുതൽ അറസ്റ്റിനുള്ള സാദ്ധ്യത, ഇതുവരെയുള്ള അന്വേഷണ പുരോഗതി എന്നിവ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്. അന്വേഷണത്തിന്റെ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്ന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.