toll

ആഗ്ര: ദീപാവലി ബോണസ് കുറച്ചതിൽ പ്രതിഷേധിച്ച് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ ടോൾ പ്ലാസ ജീവനക്കാർ പണം പിരിക്കുന്നത് നിർത്തിവച്ചു. ശനിയാഴ്ച അർദ്ധരാത്രി മുതൽ 10 മണിക്കൂറോളമാണ് സൗജന്യമായി വാഹനങ്ങൾ കടത്തിവിട്ടത്.

ടോൾ ഓപ്പറേറ്റിംഗ് കമ്പനിയായ ശ്രീ സായിയും ഡാറ്റാർ കമ്പനി ജീവനക്കാരും തമ്മിൽ ബോണസിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. 1100 രൂപയാണ് കമ്പനി ബോണസ് ഇനത്തിൽ നൽകാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ വർഷത്തെ ബോണസിനേക്കാൾ വളരെക്കുറവാണെന്ന് ആരോപിച്ചായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. നീണ്ട ചർച്ചകൾക്കൊടുവിൽ 10% ശമ്പള വർദ്ധനവ് നൽകാമെന്ന ധാരണയിൽ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലെ ടോൾ പിരിവ് പത്ത് മണിക്കൂറിന് ശേഷം പുനരാരംഭിച്ചു.

കഴിഞ്ഞ വർഷം, മറ്റൊരു കരാറുകാരന്റെ കീഴിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് 5,000 രൂപയായിരുന്നു ബോണസായി ലഭിച്ചത്. പ്രതിഷേധത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി ജീവനക്കാരെ സമാധാനിപ്പിക്കാൻ ശ്രമം നടത്തി. ഞായറാഴ്ച രാവിലെ 9 മണി വരെ പ്രതിഷേധം നീണ്ടുനിന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതുവരെ സമരം തുടരുമെന്നായിരുന്നു പ്രതിഷേധക്കാരായ ജീവനക്കാർ പറഞ്ഞത്.