kerala-high-court

കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിന് ചില സീനുകളും സംഭാഷണങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ച 'ഹാൽ' സിനിമ ഹൈക്കോടതി നേരിട്ടുകണ്ട് വിലയിരുത്തുന്നു. ഹർജിക്കാരായ നിർമ്മാതാവിന്റേയും സംവിധായകന്റേയും ആവശ്യം കണക്കിലെടുത്താണ് സിനിമ കാണാമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്. ഈ ശനിയാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് കോടതി സിനിമ കാണുന്നത്. കാക്കനാട്ടെ സ്റ്റുഡിയോയിലാണ് സിനിമ കാണുക. കക്ഷിചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധികളും സെൻസർ ബോർഡ് അംഗങ്ങളും സിനിമ കാണാനെത്തും.

കേസിൽ കക്ഷിചേരാൻ കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് കെ.വി. ചാക്കോ നൽകിയ അപേക്ഷ കോടതി നേരത്തെ അനുവദിച്ചിരുന്നു. ഷെയ്ൻ നിഗം നായകനായ സിനിമയിൽ മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ഇതിവൃത്തം. സെൻസർ ബോർഡ് അനാവശ്യ വെട്ടുകളാണ് നിർദ്ദേശിക്കുന്നതെന്ന് നിർമ്മാതാവ് ജൂബി തോമസ്, സംവിധായകൻ മുഹമ്മദ് റഫീഖ് (വീര) എന്നിവർ വാദിച്ചു. വലിയ മുതൽമുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. റിലീസ് വൈകുന്നതിൽ നഷ്ടമുണ്ടാകുന്നുവെന്നും അണിയറപ്രവർത്തകർ കോടതിയെ അറിയിച്ചിരുന്നു.

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ക്രൈസ്തവമത വികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റംവരുത്തണം തുടങ്ങിയ മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമർശങ്ങളും നീക്കണമെന്നും നിർദേശമുണ്ട്. ഇവ അടക്കം 19 സീനുകളിൽ മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഈ മാറ്റങ്ങൾ വരുത്തിയാൽ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് ബോർഡിന്റെ നിലപാട്.