
കൊച്ചി: സംവത് 2082ലെ ആദ്യ വ്യാപാര ദിനത്തിലെ മുഹൂർത്ത വ്യാപാരത്തിൽ ഓഹരികൾ തുടർച്ചയായ അഞ്ചാം ദിനവും മുന്നേറി. ഇന്നലെ ഉച്ചയ്ക്ക് 1.45 മുതൽ 2.45 വരെ ഒരു മണിക്കൂർ നീണ്ട വ്യാപാരത്തിൽ സെൻസെക്‌സ് 63 പോയിന്റ് നേട്ടവുമായി 84,426ൽ അവസാനിച്ചു. നിഫ്‌റ്റി 25 പോയിന്റ് ഉയർന്ന് 25,838.80ൽ വ്യാപാരം പൂർത്തിയാക്കി. ഒരവസരത്തിൽ സെൻസെക്സ് 300 പോയിന്റിനടുത്ത് ഉയർന്നതിന് ശേഷമാണ് വിൽപ്പന സമ്മർദ്ദം നേരിട്ടത്. എച്ച്1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തിയ നടപടിയിൽ ഡൊണാൾഡ് ട്രംപ് ഇളവുകൾ പ്രഖ്യാപിച്ചതോടെ ഐ.ടി കമ്പനികളുടെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് കുതിപ്പിന് നേതൃത്വം നൽകിയത്.