
പാലക്കാട്: കുറ്റം ചെയ്തിട്ടില്ലെന്ന് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര.ഇന്നലെ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയിൽ കുറ്റപത്രം വായിപ്പിച്ച് കേൾപ്പിച്ചപ്പോഴാണ് ചെന്താമര കുറ്റം നിഷേധിച്ചത്.കുറ്റം ചെയ്‌തോ എന്ന് ജഡ്ജി കെന്നത്ത് ജോർജ് ചോദിച്ചപ്പോൾ ഇല്ലന്നായിരുന്നു മറുപടി.ഒരു ഭാവഭേദവുമില്ലാതെയാണ് കുറ്റപത്രം വായിക്കുന്നത് കേട്ടുനിന്നത്.കേസ് നവംബർ 24ന് വീണ്ടും പരിഗണിക്കും.പ്രതിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാനും കോടതി നിർദ്ദേശിച്ചു.നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ സജിത കൊലക്കേസിൽ ഈ മാസം 18ന് ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് ഇരട്ടക്കൊലപാതക കേസിലെ നടപടികൾ തുടങ്ങിയത്.ഡിസംബർ ആദ്യവാരത്തോടെ വിചാരണ നടപടികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
തന്റെ ഭാര്യയും മകളും പിണങ്ങിപ്പോയതിന് കാരണം അയൽവാസിയായ സജിതയാണെന്ന വൈരാഗ്യത്തെ തുടർന്നാണ് 2019 ആഗസ്റ്റ് 31ന് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്.തുടർന്ന് ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ,ഭർതൃ മാതാവ് ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം.ജെ.വിജയ് കുമാർ ഹാജരായി.