hanging

കൊൽക്കത്ത: പതിനൊന്നുകാരിയുടെ മൃതദേഹം വീട്ടിനുള്ളിലെ അലമാരയിൽ പാതി തൂങ്ങിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ മാതാപിതാക്കളെ ആക്രമിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത‌യ്ക്ക് സമീപമുള്ള ഭവാനീപൂരിലാണ് സംഭവം. നാട്ടുകാർ പ്രകോപിതരായതോടെ പ്രദേശത്താകെ സംഘർഷമുണ്ടായി. കുട്ടിയുടെ പിതാവ് ഭോലാ സിംഗ്, രണ്ടാനമ്മ പൂജ എന്നിവരെയാണ് നാട്ടുകാർ മർദ്ദിച്ചത്. കുട്ടിയുടെ മരണത്തിന് കാരണക്കാരെന്നാരോപിച്ചാണ് ഇവരെ പൊതിരെ തല്ലിയത്. പൂജയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ കൈയ്യിൽ നിന്നും ഇവരെ രക്ഷപ്പെടുത്തി പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ആർജികാർ ബലാത്സംഗകേസ് പ്രതി സഞ്ചയ് റോയിയുടെ അനന്തരവളാണ് മരണപ്പെട്ട അഞ്ചാം ക്ലാസുകാരി സുരഞ്ജന. സഞ്ജയ് റോയിയുടെ മൂത്ത സഹോദരി ബബിതയെ ഭോല നേരത്തെ വിവാഹം കഴിച്ചിരുന്നെന്നും ഇവരുടെ ഏക മകളാണ് സുരഞ്ജനയെന്നും പൊലീസ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുൻപ് ബബിത ആത്മഹത്യ ചെയ്‌തു. തുടർന്നാണ് ബബിതയുടെ ഇളയ സഹോദരി പൂജയെ ഭോല വിവാഹം ചെയ്‌തത്.

പുറത്ത് പോയി വീട്ടിൽ മടങ്ങിയെത്തിയ രണ്ടാനമ്മയാണ് അലമാരയിലെ ഹാംഗറിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. ആശുപത്രിയിലെത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ഇരുവരും കുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

'പലപ്പോഴും പുലർച്ചെ രണ്ട് മണിക്കെല്ലാം കുട്ടിയെ വീടിന് പുറത്താക്കുമായിരുന്നു. മാതാപിതാക്കളുടെ മോശം പെരുമാറ്റം കുട്ടിയെ വേദനിപ്പിച്ചിരുന്നു'' നാട്ടുകാർ പറയുന്നു. മാതാപിതാക്കൾ ബെൽറ്റ് ഉപയോഗിച്ച് കുട്ടിയെ മർദ്ദിക്കുകയും തല പിടിച്ച് ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തിരുന്നെന്ന് പെൺകുട്ടിയുടെ മുത്തശ്ശി ആരോപിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് സൂചനയെന്നും കൊലപാതകത്തിന്റെ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറയുന്നു. വിശദമായ പോസ്‌റ്റ്മോർട്ടത്തിനും ഫോറൻസിക് റിപ്പോർട്ടുകൾക്കുമായി കാത്തിരിക്കുകയാണെന്നും പൊലീസ് പ്രതികരിച്ചു.