
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം
ധനമന്ത്രി കെ.എൻ. ബാലഗോപാൽ മേള ഉദ്ഘാടനം ചെയ്തു.
ഐ.എം. വിജയനും എച്ച്.എം. കരുണപ്രിയയും ചേർന്ന് ദീപം തെളിച്ചു.
മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യം ഭിന്നശേഷി താരങ്ങളുടെ മത്സരങ്ങൾ
അക്വാട്ടിക്സ്, വോളിബാൾ, തായ്ക്കൊണ്ടോ, കബഡി മത്സരങ്ങൾക്കും ഇന്ന് തുടക്കം
രോഗം മറക്കും,ഗോളടിക്കും അഭിനന്ദിന് ജീവിതം വിജയിക്കാനുള്ളത്
തിരുവനന്തപുരം: കളിക്കളത്തിൽ കുഞ്ഞു മെസിയാണ് അഭിനന്ദ്. പക്ഷേ പരസഹായമില്ലാതെ ഒരു വറ്റുണ്ണാനാകില്ല. നടക്കാൻ പോലും പ്രയാസം. എന്നാൽ മൈതാനത്ത് പന്തടക്കം കൊണ്ടും പാസുകൊണ്ടും വിസ്മയിപ്പിക്കും. അതിലൂടെ ചലനവൈകല്യമുള്ള കുട്ടിയല്ലെന്ന് കാണികളെക്കൊണ്ട് പറയിപ്പിക്കും. ജീവിതം വിജയിക്കാൻ ഉള്ളതാണെന്നതിന് ഈ പതിനഞ്ചുകാരൻ അങ്ങനെ അടിവരയിട്ടു.
കണ്ണൂർ പറവൂർ സ്വദേശിയായ അഭിനന്ദ് മാതമംഗലം ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ്.
ഒമ്പത് വയസുള്ളപ്പോഴാണ് അഭിനന്ദിന്റെ വലംകൈയിലെ അസാധാരണ വിറയൽ മാതാപിതാക്കൾ ശ്രദ്ധിച്ചത്. വൈദ്യപരിശോധനയിൽ ചലനവൈകല്യ രോഗത്തിന്റെ (ജനറ്റിക്ക് കൊറോണിയ) തുടക്കമെന്ന് കണ്ടെത്തി. തുടർന്ന് കൈ കാലുകളുടെ ചലനശേഷി കുറഞ്ഞു. ചേട്ടന്റെ ഫുട്ബാളിനോട് മാത്രമായിരുന്നു അഭിനന്ദിന് ഇഷ്ടം. ഇത് തിരിച്ചറിഞ്ഞ പിതാവ് കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.കെ. സജികുമാർ സമീപത്തെ ഗ്രൗണ്ടിൽ പന്തുകളിക്കാൻ കൊണ്ടുപോയി. സാധാരണ കുട്ടികൾക്കൊപ്പം അവനും പന്തുതട്ടി.

ഫുട്ബാൾതട്ടി, ആരോഗ്യവാനായി
ഫുട്ബാൾ കമ്പം അഭിനന്ദിന്റെ സ്വഭാവത്തിലും ആരോഗ്യത്തിലും വലിയമാറ്റമുണ്ടാക്കി. കഴിഞ്ഞവർഷത്തെ പ്രഥമ സ്കൂൾ ഒളിമ്പിക്സിലെ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ ഫുട്ബാൾ ടീമിൽ അംഗമായിരുന്നു. എന്നാൽ കടുത്ത പനി തിരിച്ചടിയായി. എങ്കിലും സ്റ്റാൻഡ് അപ്പ് ജംമ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടിയാണ് അന്ന് കൊച്ചിവിട്ടത്. ഈ വർഷം ഫുട്ബാളിൽ കസറാൻ ഉറച്ചാണ് അച്ഛന്റെ കൈപിടിച്ച് തലസ്ഥാനത്തെത്തിയത്. ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ 17ന് വയസിന് താഴെയുള്ള കുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ ഇന്ന് കണ്ണൂർ ടീമിനായി കളത്തിലിറങ്ങും. സൗമ്യയാണ് മാതാവ്. സഹോദരൻ: നന്ദു.