bpcl

കൊച്ചി: ദീപാവലിക്ക് മധുരപലഹാരങ്ങൾ അടങ്ങിയ ബോക്‌സ് വിതണം ചെയ്‌തപ്പോൾ തങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച് ട്രക്ക് ഡ്രൈവർമാർ മിന്നൽ പണിമുടക്ക് നടത്തി. അമ്പലമുകളിൽ ബിപിസിഎൽ ബോട്‌ലിംഗ് പ്ളാന്റിൽ ഇന്നു രാവിലെയാണ് ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയത്. തുടർന്ന് ഇന്ന് ഉച്ചവരെ സിലിണ്ടർ നീക്കം തടസപ്പെട്ടു. പ്ലാന്റിലെ സ്ഥിരം ജീവനക്കാർക്കും കയറ്റിറക്ക് തൊഴിലാളികൾക്ക് സ്വീറ്റ്സ് ബോക്‌സ് നൽകിയപ്പോൾ തങ്ങളെ മാത്രം അതിൽ നിന്ന് മാറ്റി നിർത്തിയതായി ട്രക്ക് ഡ്രൈവർമാർ പറഞ്ഞു. ഇതിലൂടെ തങ്ങളെ അപമാനിച്ചെന്നും അവർ ആരോപിച്ചു.

ഇന്ന് രാവിലെ ആറു മണിയുടെ ഷിഫ്‌റ്റിൽ കയറേണ്ടവരാണ് പണിമുടക്കിയത്. ഒമ്പത് മണിയായിട്ടും പ്രശ്നത്തിന് പരിഹാരം ആകില്ലെന്ന് കണ്ടതോടെ പണിക്കെത്തിയ കയറ്റിറക്ക് തൊഴിലാളികൾക്കും മടങ്ങിപ്പോയി. ആറു ജില്ലകളിലേക്കുള്ള സിലിണ്ടർ നീക്കം ഇതോടെ തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസവും പൊതു അവധി ആയതിനാൽ സിലിണ്ടർ നീക്കം നിലച്ചിരിക്കുകയായിരുന്നു. ഇന്നത്തെ ദിവസവും ഡ്രൈവർമാരുടെ പണിമുടക്കിനെത്തുടർന്ന് സിലിണ്ടർ നീക്കം തടസപ്പെട്ടതോടെ പല ജില്ലകളിലും പാചകവാതകത്തിന് പ്രതിസന്ധിയുണ്ടായി. പിന്നീട് ഉച്ചയ്‌ക്ക് മുൻപ് തന്നെ പണിമുടക്ക് പരിഹരിച്ചു.