toilet

ബാത്ത്റൂമിലെ ക്ലോസെറ്റിൽ ക്യാമറ ഫിറ്റുചെയ്താൽ എന്തായിരിക്കും അനുഭവം?. രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ മാലോകരെ മുഴുവൻ കാണിക്കാനാണോ ഇത് എന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാനൊക്കില്ല. ഹോട്ടലുകളിലെയും മറ്റും ബാത്ത്റൂമുകളിൽ സ്ഥാപിച്ചിരിക്കുന്ന രഹസ്യക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ നാടൊട്ടുക്ക് പ്രചരിക്കുന്ന ഇക്കാലത്ത് ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുളളൂ. എന്നാൽ ക്ലോസെറ്റിൽ ക്യാമറസ്ഥാപിക്കുന്നത് ദൃശ്യങ്ങൾ പകർത്താനല്ല, ജീവൻ രക്ഷിക്കാനാണ്. കാര്യം പിടികിട്ടിയില്ലെങ്കിൽ വിശദമാക്കിത്തരാം.

ക്യാമറയുമായി എത്തുന്നത് ലോക പ്രശസ്തൻ

സാനിട്ടറിവെയറുകളുടെയും ബാത്ത്റൂം ഫിറ്റിംഗ്‌സുകളുടെയും ലോകത്തിലെ അതികായനാണ് കോഹ്‌ലർ. ഇവരുടെ ഉല്പന്നങ്ങളെ കവച്ചുവയ്ക്കാൻ ഇതിയൊരു കമ്പനി ജനിക്കേണ്ടിയിരിക്കുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. കോഹ്ലറാണ് ക്യാമറയുള്ള ടോയ്‌ലറ്റുമായി എത്തുന്നത്. വെറും ക്യാമറയല്ല; എഐ നിയന്ത്രിത ക്യാമറ. ഈ ക്യാമറയിലൂടെ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന വ്യക്തിയുടെ മലവും മൂത്രവും സൂക്ഷ്മമായി വിശകലനംചെയ്ത് കുടിലിന്റെ ആരാേഗ്യം എങ്ങനെ, ഇപ്പോൾ എന്തൊക്കെ രോഗങ്ങളുണ്ട്, ഭാവിയിൽ എന്തൊക്കെ പിടിപെടാനുള്ള സാദ്ധ്യതയുണ്ട് എന്നെല്ലാം അയാളെ അറിയിക്കുകയാണ് ചെയ്യുന്നത്.

വില തീരെ നിസാരം

ഇത്തരമൊരു ക്യാമറ- സെൻസർ സിസ്റ്റം ബാത്ത്റൂമിൽ സ്ഥാപിക്കുമ്പോൾ വെറും അമ്പതിനായിരം രൂപമാത്രമാേ ചെലവുവരൂ എന്നാണ് റിപ്പോർട്ടുകൾ. ക്ലോസെറ്റിന്റെ അരികിലായി വിസർജ്യങ്ങൾ പുരളാത്ത നിലയിലാണ് ഇത് സ്ഥാപിക്കുന്നത്. ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ക്യാമറ- സെൻസർ സിസ്റ്റത്തിന്റെ ആത്മാവ്. ചാർജ് തീരുമ്പോൾ ഉപകരണം മൊത്തത്തിൽ ക്ലോസെറ്റിൽ നിന്ന് വേർപെടുത്തേണ്ട ആവശ്യമില്ല. ബാറ്ററിയുടെ ഭാഗം മാത്രം പുറത്തെടുത്ത് ചാർജ് ചെയ്ത് തിരികെ വച്ചാൽ മതി. കൊച്ചുകുട്ടികൾക്കുപോലും ഇത് എളുപ്പത്തിൽ ചെയ്യാൻ കഴിയും.

പരിശോധന ഇങ്ങനെ

ഒപ്റ്റിക്കൽ സെൻസറുകളും എഐ അധിഷ്ഠിത മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും ഉപയോഗിച്ചാണ് പ്രവർത്തനം.മൂത്രത്തിലെയും മലത്തിലെയും ദ്രാവകങ്ങളുടെ അളവും ഘടനയും വിലയിരുത്തുന്നു. 'ബ്രിസ്റ്റൽ സ്റ്റൂൾ സ്കെയിൽ' പോലുള്ള സ്റ്റാൻഡേർഡ് ചാർട്ടുകളുമായി താരമ്യം ചെയ്ത് മലവിസർജനത്തിന്റെ സ്ഥിരത, ആവൃത്തി എന്നിയും വിലയിരുത്തും.

മലത്തിലും മൂത്രത്തിലും രക്തം കാണുന്നത് ഗുരുതരമായ പല രോഗങ്ങളുടെയും പ്രധാന ലക്ഷണമാണ്. പക്ഷേ, ഒട്ടുമിക്കവരും ഇത് ശ്രദ്ധിക്കുകയോ അറിയുകയോ ഇല്ല. ഇത്തരമൊരു പ്രശ്നം കണ്ടാൽ അത് ഉടൻ ഉപഭോക്താക്കളെ അറിയിക്കും.

ഓരോതവണ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴും ശേഖരിക്കുന്ന ഡാറ്റകൾ ഒരു കമ്പാനിയൻ ആപ്പിലേക്കാണ് ഫീഡുചെയ്യപ്പെടുന്നത്. ഇപ്പോൾ ഇത് ഐഫോണുകളിൽ മാത്രമാണെങ്കിലും ലഭിക്കുക. അധികം വൈകാതെ മറ്റുഫോണുകളിലും ഇത് ലഭിച്ചുതുടങ്ങും. ഓരോദിവസത്തെയും ഡാറ്റകൾ വിശകലനം ചെയ്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും മാറ്റംവരുത്തേണ്ട ലൈഫ് സ്റ്റൈലുകളെക്കുറിച്ചും ഉപഭോക്താക്കളെ അറിയിക്കും. ഇതിനൊപ്പം ഡോക്ടറുടെ സേവനം തേടേണ്ടതുണ്ടെങ്കിൽ അതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകും.

നാട്ടുകാർ കാണുമെന്ന പേടിവേണ്ട

ക്യാമറ- സെൻസർ സിസ്റ്റം വ്യക്തിയുടെ സ്വകാര്യതയിൽ കടന്നുകയറുമെന്ന പേടിയേ വേണ്ട എന്നാണ് കമ്പനി പറയുന്നത്. അവിടെ ശേഖരിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ സ്വകാര്യത ഉറപ്പുവരുത്തുന്നതിനാൽ ബ്ലൂടൂത്ത് ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾക്കുവേണമെങ്കിലും ഒരേ ഉപകരണത്തെ പ്രയോജനപ്പെടുത്താം.

നിലവിൽ അമേരിക്കയിൽ മാത്രമാണ് കമ്പനി ഇപ്പോൾ ക്യാമറ- സെൻസർ സിസ്റ്റം പിടിപ്പിച്ച ടോയ്‌‌ലറ്റുകൾ വിൽക്കുന്നുള്ളൂ. ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളിൽ എപ്പോളെത്തുമെന്ന് വ്യക്തമല്ല.