bihar

പാറ്റ്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വനിതാ വോട്ടുകള്‍ ലക്ഷ്യം വച്ച് വന്‍ പ്രഖ്യാപനങ്ങളുമായി രാഷ്ട്രിയ ജനതാദൾ പാർട്ടി (ആർജെഡി) നേതാവ് തേജസ്വി യാദവ്. ഗ്രാമീണ ഉപജീവന ദൗത്യവുമായി ബന്ധപ്പെട്ട ' ജീവിക ദീദിസ്' എന്ന വനിതകൾക്ക് സർക്കാർ ജോലിയും 30,000 രൂപ പ്രതിമാസ ശമ്പളവും നൽകുമെന്നാണ് ആർജെഡി നേതാവിന്റെ പ്രഖ്യാപനം. നൽകുന്ന എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നിറവേറ്റും. ജീവിക ദീദിസ് നേരിടുന്ന ചൂഷണത്തിന്റെ വ്യാപ്തി വളരെ വലുതാണ്. അവരുടെ ജോലി സാഹചര്യങ്ങളും പരാതികളും കേട്ടതിന് ശേഷമാണ് ഇത്തരമൊരു തീരുമാനമെന്നും തേജസ്വി യാദവ് പറഞ്ഞു.

നേരത്തെ, തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ആർജെഡി പുറത്തിറക്കിയിരുന്നു. 143 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. അതിൽ 24 വനിതകളും ഉൾപ്പെടുന്നുണ്ട്. രണ്ടാം ഘട്ടത്തിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നു ഔദ്യോഗിക പട്ടിക ആർജെഡി പുറത്തിറക്കിയത്. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് മഹാസഖ്യത്തിന്‍റെ പ്രചരണം. വൈശാലി ജില്ലയിലെ രാഘോപൂരിലാണ് യാദവ് മത്സരിക്കുന്നത്.

ലളിത് യാദവ് ദർഭംഗ റൂറലിലും ദിലീപ് സിംഗ് ബറൗലിയിലും രാം വിലാസ് പാസ്വാൻ പിർപൈന്തിയിലും (എസ്‌സി), സാവിത്രി ദേവി ചക്കായിലും മത്സരിക്കും. ആർജെഡി 143, കോൺഗ്രസ് 61, സിപിഐ എംഎൽ 20 സീറ്റുകളിലുമാണ് മത്സരം. ബാക്കിയുള്ള സീറ്റുകൾ മുകേഷ് സഹാനിയുടെ വിഐപിയിലേക്ക് നൽകുമെന്നാണ് സാധ്യത.