helicopter

പത്തനംതിട്ട: പ്രമാടത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്‌ടറിന്റെ ടയറുകൾ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്‌ന്ന സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യാതൊരു സുരക്ഷാ വീഴ്‌ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തേ തന്നെ ക്രമീകരണം ഒരുക്കിയിരുന്നു. ആ നിശ്ചിത സ്ഥലത്ത് നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്‌ടർ ലാൻഡ് ചെയ്‌തത്. ഇത് കോൺക്രീറ്റ് ഉറയ്‌ക്കാത്ത ഭാഗത്തായിപ്പോയി. തുടർന്ന് ഹെലികോപ്‌ടറിന് മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ഹെലികോ‌പ്‌ടർ തള്ളി നീക്കിയത്. അല്ലാതെ ഹെലികോപ്‌ടറിനോ രാഷ്‌ട്രപതിയുടെ ലാൻഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹെലിപാഡ് തയ്യാറാക്കി കോൺക്രീറ്റ് ചെയ്‌തത് പിഡബ്ല്യുഡി ആണ്. എയർഫോഴ്‌സ് ജീവനക്കാർ നിർദേശിച്ച ഇടത്താണ് ഹെലിപാഡ് തയ്യാറാക്കിയതെന്ന് പിഡബ്ല്യുഡി അറിയിച്ചു. രാത്രി ഏറെ വൈകിയാണ് ഇവിടം കോൺക്രീറ്റ് ചെയ്‌തത്. എയർഫോഴ്‌സ് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ തന്നെയാണ് പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയതെന്നും പിഡബ്ല്യുഡി വ്യക്തമാക്കി.