
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ നിത അംബാനിയുടെ വസ്ത്രങ്ങൾ എന്നും ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. കൂടുതലും സാരിയിൽ പ്രത്യക്ഷപ്പെടാറുള്ള അംബാനി കുടുംബത്തിലെ കാരണവത്തി കഴിഞ്ഞദിവസവും ഫാഷൻ ലോകത്തെ ഞെട്ടിച്ചു. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ ഈ സീസണിലെ ട്രെൻഡിംഗ് നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് താൻ എന്നും അപ്ഡേറ്റ് ആണെന്നുള്ളത് നിത ലോകത്തെ കാണിച്ചത്.
സംഗീത പരിപാടിയുടെ വമ്പൻ ഉദ്ഘാടനച്ചടങ്ങിൽ പ്രശസ്ത ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അണിയിച്ചൊരുക്കിയ മോച്ച നിറത്തിലെ സാരിയണിഞ്ഞാണ് നിത അംബാനി എത്തിയത്. സ്റ്റൈലും സിംപ്ളിസിറ്റിയും കോർത്തിണക്കി ആധുനികതയുടെ മേമ്പൊടിയും തന്റെ ലുക്കിൽ നിത ഉൾപ്പെടുത്തിയിരുന്നു. ചെറിയ സ്വീകൻസുകൾ പതിപ്പിച്ച സാരി നിതയെ സംഗീതനിശയിൽ തിളങ്ങാൻ സഹായിച്ചു. ലൈറ്റ്വെറ്റ് സാരി സ്റ്റൈലിനൊപ്പം എലഗന്റ് ലുക്കും നൽകുന്നതായിരുന്നു.
നിറയെ എംബ്രോയിഡറി വർക്കുകളുള്ള ബ്ളൗസ് ആയിരുന്നു നിതയുടെ ലുക്കിലെ ഹൈലൈറ്റ്. ലോംഗ് സ്ളീവിൽ ക്രിസ്റ്റൽസ് പതിച്ചത് നിതയ്ക്ക് സ്വതവേയുള്ള റിച്ച് ലുക്കിന് മാറ്റുകൂട്ടാനും സഹായിച്ചു. എന്നാലിത്തവണ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആഭരണപ്രിയയായ നിത അംബാനി ആഭരണങ്ങൾ ഒഴിവാക്കിയുള്ള ലുക്ക് ആണ് തിരഞ്ഞെടുത്തത്. ഒരു സ്റ്റഡ് കമ്മലും മോതിരവും മാത്രമായിരുന്നു നിത അണിഞ്ഞ ആഭരണങ്ങൾ.