
വണ്ടിയോടിക്കാൻ പെട്രോളും ഡീസലും വൈദ്യുതിയും സിഎൻജിയും ഒന്നും വേണ്ട. പകരം കുറച്ച് ചാണകം മതി. 'ദേ ചാണകം' എന്നുപറഞ്ഞ് കളിയാക്കാൻ വരട്ടെ; പ്രമുഖ കാർ നിർമ്മാതാക്കളായ നമ്മുടെ സ്വന്തം മാരുതിയാണ് കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) ഇന്ധനമാക്കുന്ന കാർ പുറത്തിറങ്ങുന്നത്. ജനപ്രിയ മോഡലായ വിക്ടോറിസിലാണ് പരീക്ഷണം നടത്തുന്നത്. ഈ മാസം മുപ്പതുമുതൽ അടുത്തമാസം ഒമ്പതുവരെ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോ 2025ൽ ആയിരിക്കും സിബിജി മോഡൽ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.
ഓക്‌സിജന്റെ അസാന്നിദ്ധ്യത്തിൽ അഴുകുന്ന ജൈവ വസ്തുക്കളിൽ സൂഷ്‌മാണുക്കൾ പ്രവർത്തിച്ചുണ്ടാകുന്ന വാതകമാണ് സിബിജി. കാർബൺ ന്യൂട്രൽ ഇനത്തിൽപ്പെട്ടതാണിത്. സിബിജി വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയാൽ മലിനീകരണപ്രശ്നത്തിന് ഏറെക്കുറെ പൂർണമായി പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ. പത്തുപശുക്കളിൽ നിന്ന് ഒരുദിവസം ലഭിക്കുന്ന ചാണകംകൊണ്ട് കാറിന് ഒരുദിവസം ഓടാനുള്ള സിബിജി ലഭിക്കുമെന്നാണ് മാരുതി സുസുക്കി എംഡി പറയുന്നത്. പശുവളർത്തൽ വ്യാപകമായ ഇന്ത്യയിൽ സിബിജിക്ക് ഒരിക്കലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ല എന്നർത്ഥം.
സിഎൻജി ഉപയോഗിക്കുന്ന കാറുകളുടേതിന് സമാനമായ യന്ത്രഭാഗങ്ങളോടെയായിരിക്കും സിബിജി മോഡലും എത്തുക എന്നാണ് ലഭിക്കുന്ന സൂചനകൾ. സിഎൻജി വാഹങ്ങളിലേതുപോലെ കാറിന്റെ അടിഭാഗത്തായിരിക്കും സിബിജി ടാങ്ക് ഉണ്ടാവുക. അതിനാൽ ബൂട്ട് സ്പേസ് കുറയുമെന്ന ആശങ്കയും വേണ്ട. ഇപ്പോൾ വിപണിയിലുള്ള വിക്ടോറിസിലെ എല്ലാ ഫീച്ചേഴ്‌സുകളും സിബിജി മോഡലിലും ഉണ്ടാവും.
കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇന്ത്യൻ വിപണിയിൽ സിബിജി മാേഡൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരമൊരു വാഹനം പുറത്തിറക്കുന്നതിന് ഒത്തിരി പ്രായോഗിക വെല്ലുവിളികൾ മാരുതിയുടെ മുന്നിലുണ്ട്. അതിനെയെല്ലാം വിജയകരമായി തരണം ചെയ്താലേ അവരുടെ ഉദ്യമം പൂർണ വിജയത്തിലെത്തൂ.