
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൗറ ജില്ലയിലെ ഉലുബേരിയയിലുള്ള ശരത് ചന്ദ്ര ചതോപാധ്യായ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ബന്ധുക്കളായ മൂന്നുപേരാണ് വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ട്രാഫിക് പൊലീസായി ജോലി ചെയ്യുന്ന ഹോം ഗാർഡ് ഷെയ്ഖ് സാമ്രാട്ട്, ഷെയ്ഖ് ബാബുലാൽ, ഷെയ്ഖ് ഹസിബുൽ എന്നിവർ ഡോക്ടറുമായി തർക്കത്തിലേർപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജോയിന്റ് ഫോറം ഓഫ് ഡോക്ടേഴ്സ് സംഘടന ഉലുബേരിയ ആശുപത്രി സന്ദർശിക്കുകയും ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിക്കുകയും ചെയ്തു. കൊൽക്കത്തയിലെ ആർ.ജി കർ സർക്കാർ മെഡിക്കൽ കൊളേജിലെ വനിതാ ഡോക്ടറുടെ ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷമാണ് സമാന സംഭവം അരങ്ങേറുന്നത്. മമത ബാനർജിയുടെ ഭരണത്തിന് കീഴിൽ ബംഗാളിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ കുറ്റപ്പെടുത്തി.
ഉലുബേരിയ സംഭവത്തെ "അപലപനീയവും നിർഭാഗ്യകരവുമാണെന്ന് തൃണമൂൽ വക്താവ് അരുൺ ചക്രവർത്തി പറഞ്ഞു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.