
കാഴ്‌ചയില്ലാതാകുന്നവർക്ക് തിരികെ കാഴ്‌ച ലഭിക്കാൻ അവസരമൊരുക്കുന്ന ഒരു കണ്ടെത്തലുമായി ശാസ്‌ത്രലോകം. പ്രായമായവരിൽ വരുന്ന മാക്യുലാർ ഡീജനറേഷൻ (എഎംഡി) എന്ന രോഗാവസ്ഥയിൽ നിന്നും മോചനം ലഭിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നാല് സ്‌ക്വയർ മില്ലിമീറ്റർ മാത്രം വലിപ്പം വരുന്ന 30 മൈക്രോമീറ്റർ കട്ടിയുമുള്ള ഒരു ഇംപ്ളാന്റ് ആണ് ശാസ്‌ത്രലോകം കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നേത്രാന്തരപടലത്തിന് പിന്നിൽ ഘടിപ്പിക്കും. രോഗം കാരണം പ്രകാശത്തോട് സംവേദനക്ഷമത നഷ്‌ടമായ കോശങ്ങളുള്ള ഭാഗത്ത് ഇവ ഘടിപ്പിച്ച് പരീക്ഷണം നടത്തി.
എഎംഡി രോഗം ഗുരുതരമായി ബാധിച്ച 38 പേരിൽ ആണ് ഇത്തരത്തിൽ ഘടിപ്പിച്ച് പരീക്ഷണം നടത്തിയത്. ഇവരിൽ 80 ശതമാനം പേർക്കും ഭേദപ്പെട്ടരീതിയിൽ കാഴ്‌ച തിരികെകിട്ടി. 'പൂർണമായും ഇരുട്ടേറിയ പ്രവർത്തനശൂന്യമായ നേത്രാന്തരപടലമായിരുന്നയിടത്ത് ഇപ്പോൾ കാഴ്‌ച പുനഃസ്ഥാപിച്ചു. ഇപ്പോഴവർക്ക് അക്ഷരങ്ങൾ വായിക്കാം, വാക്കുകൾ വായിക്കാം, നിത്യജീവിതത്തിലെ കാര്യങ്ങളെല്ലാം ചെയ്യാം.' പരീക്ഷണ തലവനായ ജർമ്മനിയിലെ ബോൺ സർവകലാശാലയിലെ നേത്രരോഗ വിദഗ്ദ്ധൻ ഫ്രാങ്ക് ഹോൾസ് പറയുന്നു.
മൂലകോശങ്ങളുപയോഗിച്ച് കാഴ്‌ച മടക്കിക്കൊണ്ടുവരുന്ന ഈ ഉപകരണം ഘടിപ്പിച്ചുള്ള പരീക്ഷണം കരുതിയതിലും വിജയകരമായിരുന്നെന്നാണ് പരീക്ഷണം നടത്തിയ ഗവേഷകർ കരുതുന്നത്. പ്രായമായവരിൽ ഒരിക്കലും കാഴ്‌ച മടക്കിക്കിട്ടാത്ത അസുഖമാണ് എഎംഡി. ലോകത്ത് അഞ്ച് മില്യൺ ആളുകൾക്ക് ബാധിക്കുന്ന ഡ്രൈ എഎംഡി എന്ന അതിരൂക്ഷമായ രോഗം ബാധിച്ചവരിൽ നടത്തിയ പരീക്ഷണത്തിലാണ് ഇപ്പോൾ വിജയം കണ്ടെത്തിയത്.
ഈ രോഗം ബാധിച്ചവർക്ക് മുഖം തിരിച്ചറിയാനാകില്ല, വായിക്കാനാകില്ല, ടിവി കാണാനോ സ്വന്തം ഇഷ്‌ടത്തിന് എന്തെങ്കിലും ചെയ്യാനോ ആകില്ലായിരുന്നു. ആത്മവിശ്വാസത്തെ ഏറെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു ഇത്. പാരിസ് അധിഷ്‌ഠിത കമ്പനിയായ പിക്‌സിയം വിഷൻ തയ്യാറാക്കിയ ഇംപ്ളാന്റിന് പ്രൈമ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇത് പൂർണമായും വയർലെസാണ്.
അഞ്ച് രാജ്യങ്ങളിലെ 17 ക്ളിനിക്കുകളിലായാണ് നിലവിൽ 38 പേർക്ക് പരീക്ഷണം നടത്തിയത്. ഇതിൽ 32 പേർക്ക് ഒരു വർഷത്തിന് ശേഷം വീണ്ടും പരിശോധനകൾ നടത്തി. ഈ 32 പേരിൽ 22 പേരും ഭേദപ്പെട്ടതോ മികച്ചതോ ആയ കാഴ്‌ച പ്രൈമ ഇംപ്ളാന്റ് വഴി ലഭിക്കുന്നുണ്ടെന്ന് അവർ അറിയിച്ചു.