
ബീജിംഗ് : ചൈനയിൽ ഭരണപക്ഷമായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി.പി.സി) 20-ാം സെൻട്രൽ കമ്മിറ്റിയുടെ നാലാമത് പ്ലീനം ഇന്ന് സമാപിക്കും. ബീജിംഗിൽ തിങ്കളാഴ്ചയാണ് പ്ലീനം തുടങ്ങിയത്. അതീവ രഹസ്യ സ്വഭാവമുള്ള യോഗം, വരും വർഷങ്ങളിലെ ചൈനയുടെ സാമ്പത്തിക, രാഷ്ട്രീയ ദിശ നിർണയിക്കും. 15 -ാം പഞ്ചവത്സര പദ്ധതി (2026-2030) സംബന്ധിച്ച പ്രധാന തീരുമാനങ്ങളുമെടുക്കും. പദ്ധതി സംബന്ധിച്ച കരട് നിർദ്ദേശം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് സമർപ്പിച്ചു. വരുന്ന മാർച്ചിൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സെഷനിൽ അംഗീകരിച്ച ശേഷമേ പദ്ധതിയുടെ വിശദാംശങ്ങൾ പൂർണമായും പരസ്യമാക്കൂ. 2030ഓടെ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെയും സർക്കാരിന്റെയും 90 ശതമാനം മേഖലകളിലും എ.ഐയെ സംയോജിപ്പിക്കുക എന്ന ലക്ഷ്യവും പ്ലീനത്തിൽ ചർച്ചയാകുമെന്ന് കരുതുന്നു.