
പാലക്കാട് : രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ഡിവൈ.എസ്.പിയുടെ വാട്സാപ്പ് സ്റ്റാറ്റസ്. ആലത്തൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാറാണ് ആചാരലംഘനം നടന്നുവെന്നാരോപിച്ച് സ്റ്റാറ്റസ് ഇട്ടത്. സംഭവം വിവാദമായതോടെ സ്റ്റാറ്റസ് മനോജ് കുമാർ ഡിലീറ്റ് ചെയ്തു.
താനൊരു ട്രെയിൻ യാത്രയിലായിരുന്നെന്നും വാട്ട്സാപ്പിൽ വന്ന സന്ദേശം അബദ്ധത്തിൽ സ്റ്റാറ്റസ് ആയതാണെന്നുമാണ് വിശദീകരണം. രാഷ്ട്രപതിക്കൊപ്പം യൂണിഫോം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാം പടി ചവിട്ടിയത് കടുത്ത ആചാരലംഘനമാണെന്നും, ഈ വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും നാമജപ യാത്ര നടത്താത്തത്. ഇത് പിണറായി വിജയനോ മറ്റ് മന്ത്രിമാരോ ആയിരുന്നുവെങ്കിൽ എന്താകുമായിരുന്നു പുകില് എന്നും കുറിപ്പിൽ വിമർശിക്കുന്നു, പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസിൽ വിമർശനമുണ്ട്.