
കൊച്ചി:വിദേശകലാകാരിയുടെ കലാസൃഷ്‌ടിയിൽ അശ്ളീലമെന്ന് ആരോപിച്ച് കീറിയെറിഞ്ഞ് പ്രതിഷേധം. കൊച്ചി ദർബാർ ഹാളിലെ ആർട്ട് ഗാലറിയിലാണ് സംഭവം. ശിൽപിയായ എറണാകുളം സ്വദേശി ഹോചിമിൻ പി എച്ച് ആണ് നോർവീജിയൻ കലാകാരിയായ ഹനാൻ ബെനംമാറിന്റെ കലാസൃഷ്‌ടിയുടെ ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ലിനോ കട്ടുകൾ കീറി എറിഞ്ഞത്.
ലിനോ കട്ടിലെ വാക്കുകൾ അശ്ളീല പദങ്ങളുള്ളവയാണെന്ന് പറഞ്ഞാണ് കീറിയെറിഞ്ഞത്. നോർവീഡിയൻ ഭാഷയിലെ ലിനോ കട്ടുകളുടെ മലയാളം മൊഴിമാറ്റ കട്ടൗട്ടുകൾ കീറിയെറിയുന്ന ദൃശ്യങ്ങൾ ഇതിനകം വൈറലായി. 'ദി നോർവീജിയൻ ആർട്ടിസ്റ്റിക് കാനൻ' എന്ന സൃഷ്‌ടിയാണ് ആരോപണത്തിന് ഇടയാക്കിയത്. ഇതിലെ 'ഗോ ഇറ്റ് യുവർ ഡാഡ്' എന്ന ലിനോ കട്ടിന്റെ മലയാളം പരിഭാഷ പച്ചത്തെറിയെന്ന് ആരോപിച്ചാണ ്ഏഴുമണിക്ക് ആർട്ട് ഗാലറി അടക്കാറായ സമയത്ത് രണ്ടുപേരെത്തി ലിനോ കട്ടുകൾ കീറിയത്. ദൃശ്യങ്ങൾ ഇവർ സമൂഹമാദ്ധ്യമങ്ങളിൽ ലൈവായി നൽകുകയും ചെയ്‌തു. ലളിതകലാ അക്കാദമി സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെന്ന് സൂചനയുണ്ട്.