ration-shop


ആലപ്പുഴ: സംസ്ഥാനത്ത് പൊതുവിഭാഗങ്ങള്‍ക്കുള്ള (വെള്ളക്കാര്‍ഡ്) അരിവിഹിതം വെട്ടിക്കുറച്ചതോടെ റേഷന്‍ വ്യാപാരികള്‍ നഷ്ടത്തിലേക്ക്. പൊതുവിഭാഗത്തിന് നല്‍കിയിരുന്ന ആറുകിലോ അരി,? രണ്ടുകിലോ ആക്കിയതാണ് വരുമാന നഷ്ടത്തിന് കാരണം. കഴിഞ്ഞ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ആറുകിലോ വീതവും ഓണത്തിന് സ്‌പെഷ്യലായി 15 കിലോ അരിയുമാണ് നല്‍കിയത്. എന്നാല്‍,? പിന്നീട് അരിവിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഒരു വ്യാപാരി 44 ക്വിന്റല്‍ അരി ഒരുമാസം വിറ്രാല്‍ മാത്രമേ അടിസ്ഥാന വേതനമായ 18,?000 രൂപ ലഭിക്കൂ. ഇതില്‍ 8500 രൂപ സപ്പോര്‍ട്ടിംഗ് പെയ്‌മെന്റാണ്.

ഇതിനൊപ്പം 44 ക്വിന്റലില്‍ ഓരോ ക്വിന്റലിനും 220 രൂപ വീതവും നല്‍കും. ഇതെല്ലാം ഉള്‍പ്പടെ ഏകദേശം മാസം 18180 രൂപയാണ് ലഭിക്കുക. 44 ക്വിന്റലിന് മുകളില്‍ വില്‍ക്കുന്ന വ്യാപാരികള്‍ക്ക് തുടര്‍ന്നുള്ള ഓരോ ക്വിന്റലിനും 180 രൂപ അധികമായും ലഭിക്കും. എന്നാല്‍ പൊതുവിഭാഗത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചതോടെ വിവിധ താലൂക്കുകളിലായി നൂറോളം വ്യാപാരികള്‍ക്ക് 44 ക്വിന്റല്‍ എന്ന അളവിലേക്ക് അരി വില്‍ക്കാന്‍ കഴിയുന്നില്ല.

പൊതുവിഭാഗത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതുകൂടാതെ നീലകാര്‍ഡുകാര്‍ക്ക് സ്‌പെഷ്യലായി നല്‍കിയിരുന്ന മൂന്നുകിലോ അരിയും ഇത്തവണ ഉണ്ടായില്ല. ഇതും വില്പനയെ ബാധിച്ചു.

40 ക്വിന്റല്‍ കഷ്ടി

അരി വിഹിതം കുറച്ചതോടെ പല വ്യാപാരിള്‍ക്കും 10,?000 രൂപയില്‍ താഴെയാണ് മാസ വരുമാനം. ഇതില്‍ നിന്നുവേണം കടവടാക, തൊഴിലാളികളുടെ ശമ്പളം എന്നിവ നല്‍കാന്‍. ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ കൂടുതലുള്ള കടകള്‍ക്ക് മാത്രമേ 44 ക്വിന്റല്‍ എന്ന ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഇത്തരം കടകളില്‍ 60-100 ക്വിന്റല്‍ വരെ മാസത്തില്‍ വില്പന നടക്കുന്നുണ്ട്. എന്നാല്‍,? ഭൂരിഭാഗം റേഷന്‍കടകളും 40 ക്വിന്റല്‍ പോലും വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് വ്യാപാരികള്‍ പറയുന്നു.


വെട്ടിക്കുറച്ച അരിവിഹിതം എത്രയും വേഗം പുനസ്ഥാപിക്കണം. ഒപ്പം കാലോചിതമായി റേഷന്‍ വേതന പരിഷ്‌കരണവും നടപ്പിലാക്കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രിക്ക് നിവേദനം നല്‍കും.

- എന്‍. ഷിജീര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ.