
കൈയൊപ്പ് ചാർത്തിയാണ് ഹന്ന റെജി കോശി സിനിമയിലേക്ക് ടിക്കറ്റ് എടുത്തത്. 'ഡാർവിന്റെ പരിണാമ"ത്തിൽ തുടങ്ങി 'മിറാഷി"ൽ എത്തി പത്തുവർഷത്തെ യാത്ര. പഠിച്ചത് ഡെന്റിസ്ട്രി .എന്നാൽ മിസ് സൗത്ത് ഇന്ത്യ, ഫെമിന മിസ് ഇന്ത്യ , മിസ് ദിവ എന്നീ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ച് ആദ്യ അഞ്ചും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയിയിട്ടുണ്ട്. റാമ്പിൽനിന്ന് സിനിമാ പ്രവേശം. ഹന്ന അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. സിനിമയിൽ പുതുവഴി കൂടി തേടുന്ന ഹന്ന റെജി കോശി സംസാരിക്കുന്നു.
വീണ്ടും ജീത്തു ജോസഫിന്റെയും ആസിഫ് അലിയുടെയും സിനിമയുടെ ഭാഗമായപ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത ?
വളരെ സന്തോഷം. 'കൂമ"ന്റെ ഭാഗമായപ്പോൾ അനുഭവപ്പെട്ട അതേ സന്തോഷം തന്നെ മിറാഷിൽ അഭിനയിച്ചപ്പോൾ ലഭിച്ചു. ജീത്തു സാറിനും ആസിഫിക്കയ്ക്കും ഒപ്പം ജോലി ചെയ്യുമ്പോൾ അത്ഭുതവും ഒരു ഫാൻ മൊമന്റും തോന്നും. ഇക്കാര്യത്തിൽ കുറവ് ഒന്നും സംഭവിച്ചില്ല. ഏതൊരു നടന്റെയും നടിയുടെയും ആഗ്രഹമാണല്ലോ ജീത്തു ജോസഫ് സിനിമയുടെ ഭാഗമാകുക എന്നത്. മിറാഷിലേക്ക് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. ഒരു നടി എന്ന നിലയിൽ അഭിനയത്തെ പരിപോഷിപ്പിക്കാനും വളരാനും സഹായിക്കുന്ന പല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. ആസിഫിക്കയോടൊപ്പം മൂന്നാമത്തെ സിനിമയാണ്. 'എ രഞ്ജിത്ത് സിനിമ"യിൽ ആണ് ആദ്യമായി കാണുന്നത്. ഏറെ കഠിനാദ്ധ്വാനം ചെയ്യുന്ന ആളിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. മിറാഷിലെ റിതിക എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൽ ഒത്തിരി സന്തോഷം.
സിനിമയിൽ പത്തു വർഷം . ആഗ്രഹങ്ങൾ എല്ലാം നിറവേറ്റിയോ ?
ആരുടെയും ആഗ്രഹങ്ങൾ അവസാനിക്കുന്നില്ല, സ്വപ്നങ്ങളും. അടുത്ത ഘട്ടത്തിലേക്കു പോവുക എന്നു ആഗ്രഹിച്ചു മുൻപോട്ടു സഞ്ചരിക്കുന്ന ആളാണ് ഞാൻ. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ നന്നായി അഭിനയിക്കണമെന്നും അടുത്തതിൽ ഇതിലും വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കണമെന്നും ആഗ്രഹിക്കുന്നു. അതു ഞാൻ മാത്രമല്ല. എല്ലാവരുടെയും ചിന്തയാണ് . ആഗ്രഹങ്ങൾ ഇനിയും ബാക്കിയുണ്ട്. എന്നെ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ആഗ്രഹമാണ് ഏറ്റവും കൂടുതൽ. നല്ല കഥാപാത്രങ്ങളുടെയും നല്ല സിനിമയുടെയും ഭാഗമാകുക. പ്രേക്ഷകർ അംഗീകരിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുക, എനിക്കു തന്നെ വെല്ലുവിളി തോന്നുന്ന വേഷങ്ങൾ ഏറ്റെടുക്കുക. ആ ആഗ്രഹങ്ങൾക്ക് ഒന്നും അവസാനമില്ല . ഇനിയും മുൻപോട്ട് പോകണം.
ആഗ്രഹിക്കുന്നതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ടോ ?
തീർച്ചയായും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. എന്നു കരുതി, ഒരുപാട് അവസരം ലഭിക്കാറില്ല. വർഷത്തിൽ നാലോ അഞ്ചോ അവസരം ലഭിച്ചാൽ അതിൽ ഒന്നോ രണ്ടോ സെലക്ട് ചെയ്യുന്നു. അതിനു കാരണം, മറ്റ് കഥാപാത്രങ്ങൾ ചിലപ്പോൾ ടൈപ്പ് കാസ്റ്റായി തോന്നും. അല്ലെങ്കിൽ കൂടുതലൊന്നും പെർഫോം ചെയ്യാൻ ഇല്ലെന്ന് തോന്നിയാൽ ഒഴിവാക്കും. വരും നാളിലും ഞാൻ എന്നെ തന്നെ ചലഞ്ച് ചെയ്യുന്നതോ, വളർത്താൻ കഴിയുന്നതുമായ കഥാപാത്രങ്ങൾ വന്നാലേ ഏറ്റെടുക്കൂ. വേറിട്ട കഥാപാത്രങ്ങൾ ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു.
ദുരൂഹത നിറയുന്ന കഥാപാത്രങ്ങളാണല്ലേ അധികവും ?
അതിന്റെ കാരണം അറിയില്ല. തീർപ്പ് , കൂമൻ, കൊറോണ പേപ്പേഴ്സ് , ഡി.എൻ.എ, മിറാഷ് , റിലീസിന് ഒരുങ്ങുന്ന ഫേയ്സസ് മിക്ക സിനിമയിലും എന്റെ കഥാപാത്രത്തിന് ഗ്രേ ഷെയ്ഡോ മിസ്ട്രിയോ ഉണ്ട്. മനപൂർവം ചെയ്യുന്നതല്ല. വന്നു ചേരുന്നതാണ്. ഇത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതും സന്തോഷം തരുന്നു. കഥാപാത്രങ്ങൾ വേറിട്ടുനിൽക്കുന്നു എന്നതാണ് സന്തോഷം തരുന്നത്.രക്ഷാധികാരി ബൈജുവിലും ഡാർവിന്റെ പരിണാമത്തിലും കഥാപാത്രങ്ങൾ വ്യത്യസ്തരാണ്. വേറിട്ട കഥാപാത്രം ചെയ്ത് മുൻപോട്ട് പോവാനാണ് ആഗ്രഹിക്കുന്നത്.ത്രില്ലർ ഗണത്തിൽപ്പെടാത്ത ഡ്രാമയോ ഇർവെസ്റ്റിഗേറ്റീവോ ആക്ഷനോ പശ്ചാത്തലമായ സിനിമയുടെ ഭാഗമാകണമെന്നുണ്ട്.
നടി എന്ന വിലാസത്തിൽ ഇവിടെ തന്നെ കാണുമോ ?
മുൻകൂട്ടി തീരുമാനിക്കുന്നതുപോലെയല്ലല്ലോ പല കാര്യവും നടക്കുക. പക്ഷേ ആഗ്രഹങ്ങൾ ഒരുപാടുണ്ട്. ക്യാമറയുടെ പിന്നിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. സംവിധാനം, തിരക്കഥ , ആ മേഖലയും സ്വപ്നം കാണുന്നു. അതിനുവേണ്ട തയ്യാറെടുപ്പ് നടക്കുന്നുണ്ട്. വരുംനാളിൽ അവസരം വന്നാൽ അപ്പോൾ നോക്കാം. നല്ല സിനിമയുടെ മാത്രമല്ല ഈ മേഖലയുടെ ഭാഗമായി എപ്പോഴും നിൽക്കണമെന്നും ആഗ്രഹിക്കുന്നു.
ബ്യൂട്ടി പേജന്റിൽ ഇനി എപ്പോഴായിരിക്കും വരിക ?
അന്നും ഇന്നും ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം. കരിയർ തുടങ്ങുന്നതുതന്നെ മോഡലിംഗിലൂടെ. മത്സരങ്ങൾ ഇപ്പോഴും ഹരം ആണ്. അവസരം ലഭിച്ചാൽ തീർച്ചയായും പേജന്റിന്റെ ഭാഗമാകുമെന്ന് മനസ് പറയുന്നു. സിനിമയോടൊപ്പം മത്സരത്തിന്റെയും ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു.നവാഗതനായ നീലേഷ് ഇ.കെ സംവിധാനം ചെയ്യുന്ന ഫേയ്സസ് ആണ് അടുത്ത സിനിമ. നായകൻ കലേഷ് രാമാനന്ദ് . റൊമാന്റിക് ത്രില്ലർ ഡ്രാമയാണ്. അടുത്തു തന്നെ റിലീസ് ചെയ്യും. ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാണ് ഫേയ്സസ്.