career

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 5,810 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. സാങ്കേതികേതര തസ്‌തികകളിലാണ് ഒഴിവുള്ളത്. ബിരുദമുള്ളവർക്ക് 2025 നവംബർ 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കാം. നവംബർ 22 ആണ് അപേക്ഷാ ഫീസ് സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 23 മുതൽ ഡിസംബർ രണ്ട് വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം.

ചീഫ് കൊമേഴ്‌‌ഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ (161), സ്റ്റേഷൻ മാസ്റ്റർ (615), ഗുഡ്‌സ് ട്രെയിൻ മാനേജർ (3416), ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (921), സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് (638), ട്രാഫിക് അസിസ്റ്റന്റ് (59) എന്നീ ആറ് തസ്‌തികകളിലാണ് ഒഴിവുള്ളത്. 25,500 രൂപ മുതൽ 35,400 രൂപ വരെയാണ് ശമ്പളം. അപേക്ഷകരുടെ പ്രായം 18നും 33നും ഇടയിലായിരിക്കണം.

500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്‌ടി, മുൻ സൈനികർ, വൈകല്യമുള്ള വ്യക്തികൾ, സ്‌ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. ഓൺലൈൻ വഴിയാണ് അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടത്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഒന്നാംഘട്ട കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, രണ്ടാംഘട്ട കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റ്, ആപ്‌റ്റിറ്റ്യൂട് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്‌സാം എന്നിവയിലൂടെയാകും ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുക. അതേസമയം ഗുഡ്‌സ് ട്രെയിൻ മാനേജർ, ചീഫ് കൊമേഴ്‌ഷ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ എന്നിവർക്ക് സ്‌കിൽ ടെസ്റ്റ് നിർബന്ധമല്ല.