
യാത്രകളും ആഢംബര വസ്ത്രങ്ങളും ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കാഴ്ചകൾ വിവാഹബന്ധങ്ങളെ പോലും മാറ്റിമറിക്കുന്നുണ്ട്. പണത്തെയും ജീവിതത്തെയും കുറിച്ചുള്ള അതിരുവിട്ട പ്രതീക്ഷകൾ ഇന്ന് ബന്ധങ്ങളുടെയും താളം തെറ്റിക്കുന്നുവെന്ന കാര്യമാണ് ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെ ചർച്ചയാകുന്നത്. ഭർത്താവിന് ഇൻസ്റ്റാഗ്രാമിൽ കാണുന്ന പോലത്തെ ലൈഫ് സ്റ്റൈൽ നൽകാനാവുന്നില്ല എന്ന കാരണം പറഞ്ഞ് യുവതി വിവാഹമോചനം തേടുന്നതായുള്ള ബന്ധുവിന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
യുവതിയുടെ ബന്ധുവാണ് സംഭവം റെഡ്ഡിറ്റിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രമിലൊക്കെ കാണുന്ന പോലത്തെ ആഢംബര ജീവിതം മാത്രം ആഗ്രഹിക്കുന്ന യുവതിയെയാണ് ബന്ധു പോസ്റ്റിൽ വിവരിക്കുന്നത്. 2018ൽ വിവാഹിതയായ യുവതിയെ ഒരു ധനിക കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചത്. എന്നാൽ ഭർത്താവ് തന്നെ അവഗണിക്കുകയും ആഢംബര ജീവിതത്തിന് പണം നൽകുന്നില്ലെന്ന് പറഞ്ഞ് ആറുമാസത്തിനുള്ളിൽ യുവതി വിവാഹബന്ധം വേർപെടുത്തുകയുമായിരുന്നു.
മൂന്നു വർഷത്തിന് ശേഷം ചെറിയൊരു കട നടത്തുന്ന സാധാരണക്കാരനായ മറ്റൊരാളെ യുവതി വിവാഹം കഴിച്ചു. ഇദ്ദേഹത്തിന് മിതമായ വരുമാനം മാത്രമേ ഉള്ളൂ എന്ന് ബന്ധുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും യുവതി മുന്നോട്ട് പോവുകയായിരുന്നു. 2024ൽ കുഞ്ഞ് പിറന്ന ശേഷം യുവതി പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോവുകയും പിന്നീട് ഭർത്താവിനടുത്തേക്ക് തിരിച്ചുപോകാൻ വിസമ്മതിക്കുകയും ചെയ്തു.
'ഭർത്താവിന് വരുമാനമില്ല, യാത്രകൾക്ക് കൊണ്ടുപോകാറില്ല, താൻ ആഗ്രഹിക്കുന്ന ജീവിതം നൽകുന്നില്ല' തുടങ്ങിയവയാണ് ഭർത്താവിന്റെ അടുത്തേക്ക് മടങ്ങി പോകാതിരിക്കാനുള്ള കാരണങ്ങളായി യുവതി നിരത്തിയത്. ഭർത്താവ് ജോലിക്കായി വീട്ടുജോലിക്കാരിയെ ഏർപ്പെടുത്തുകയും ചെലവുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും യുവതി പരാതികൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. കുഞ്ഞുമായി ഭർത്താവിന്റെ അടുത്തേക്ക് യുവതി തിരിച്ചുപോകാൻ വിസമ്മതിക്കുന്നതിൽ കുടുംബാംഗങ്ങൾ ആശങ്കയിലുമാണ്.
ഇതിന് വിപരീതമായി മറ്റൊരാളുടെ കഥയും കൂടി ബന്ധു പങ്കുവച്ചു. 2005ൽ വിവാഹിതരായ ദമ്പതികൾക്ക് കുറഞ്ഞ വരുമാനം മാത്രമാണുണ്ടായിരുന്നത്. വർഷങ്ങളോളം പഴകി ദ്രവിച്ച മുറി മാത്രമുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. എന്നിട്ടും ഭാര്യ ഒരിക്കലും പരാതി പറഞ്ഞില്ല. അവർ ആ കഷ്ടപ്പാടുകളിലൂടേയെല്ലാം ഭർത്താവിനെ പിന്തുണയ്ക്കുകയായിരുന്നു. 20 വർഷത്തിന് ശേഷം ഇരുവരും സ്വന്തമായി ഫർണിഷ് ചെയ്ത രണ്ട് കിടപ്പുമുറിയുള്ള വീട് വാങ്ങിയെന്നും, ഇത് കൂട്ടായ പ്രയത്നത്തിന്റെയും ക്ഷമയുടെയും ശക്തിയാണ് കാണിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാത്ത കുടുംബ സുഹൃത്തിന്റെ മകളുടെ കഥയും റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവച്ചു. ഭർത്താവ് യാത്രകൾക്ക് കൊണ്ടുപോകുന്നില്ലെന്നും അധികം പണം ചെലവഴിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി. ദുശ്ശീലങ്ങളോ ദുർനടപ്പോ ഉണ്ടോയെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോൾ ഇല്ലെന്ന് മറുപടി നൽകി. അപ്പോൾ അഡ്ജസ്റ്റ് ചെയ്യാനും മാതാപിതാക്കൾ നിർദ്ദേശിച്ചു. അതിനുശേഷം അവർ സന്തോഷവതിയാണെന്നും പോസ്റ്റിൽ പറയുന്നു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ 500ൽ അധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ആഢംബര ജീവിതം തങ്ങളുടെ പങ്കാളികൾ നൽകണമെന്ന് പ്രതീക്ഷിക്കുന്നവരെ ഒട്ടേറെ പേർ വിമർശിച്ചു. ആഢംബര ജീവിതം അത് സ്വന്തമായിട്ടാണ് നേടേണ്ടതെന്ന് ഒരാൾ കമന്റു ചെയ്തു. 'ഇതെക്കെ തെറ്റാണ്, സ്വന്തം പ്രതീക്ഷകൾ താളം തെറ്റിയത് കാരണം മറ്റൊരാളുടെ ജീവിതം കൂടി നശിപ്പിക്കരുത്', മറ്റൊരാൾ കമന്റ് ചെയ്തു. 'സോഷ്യൽ മീഡിയയാണോ വിവാഹബന്ധങ്ങളെ തകർക്കുന്നത്, അതോ യോജിക്കാത്ത പ്രതീക്ഷകളെ പുറത്തുകൊണ്ടുവരുന്നത് കൊണ്ട് മാത്രമാണോ?' ഇങ്ങനെയൊരു ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.