rusia

ന്യൂഡൽഹി: റഷ്യൻ സേനയിൽ അകപ്പെട്ട ഭർത്താവിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പരാതി നൽകി യുവതി. ഹൈദരാബാദ് സ്വദേശിയായ അഫ്ഷ ബീഗമാണ് പരാതി നൽകിയത് . യുക്രൈനെതിരെ യുദ്ധം ചെയ്യാൻ തന്റെ ഭർത്താവിനെ റഷ്യൻ സേന നിർബന്ധിക്കുകയാണെന്നും അവരുടെ ആയുധ പരിശീലന കാമ്പിൽ അകപ്പെട്ടിരിക്കുന്ന ഭർത്താവിന്റെ ജീവൻ അപകടത്തിലാണെന്നും യുവതി പരാതിപ്പെട്ടു. എത്രയും വേഗം അദ്ദേഹത്തെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് യുവതിയുടെ ആവശ്യം.

2025 ഏപ്രിലിലാണ് നിർമ്മാണമേഖലയിലെ തൊഴിൽ പ്രതീക്ഷിച്ച് 37 കാരനായ അഹമ്മദ് തെലങ്കാനയിൽ നിന്ന് റഷ്യയിലെത്തിയത്. എന്നാൽ, ജോലിവാഗ്ദാനം ചെയ്ത ഏജന്റിന്റെ ചതിയിൽപ്പെട്ട് ആഴ്‌ചകൾക്കുള്ളിൽ റഷ്യൻ സേനയിൽ എത്തിപ്പെടുകയായിരുന്നു. തന്നെ രക്ഷിക്കണമെന്നും ഇല്ലങ്കിൽ ഏത് നിമിഷവും താൻ കൊല്ലപ്പെടുമെന്നും പറഞ്ഞ് റഷ്യയിൽ നിന്നും യുവാവ് പകർത്തിയ ഒരു സെൽഫി വീഡിയോയും പുറത്തുവന്നിട്ടുണ്ട്. തന്റെ കൂടെ പരിശീലനം നേടിയ 25 പുരുഷന്മാരിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു

"ഞാൻ ഇപ്പോൾ അതിർത്തിയിലാണ് , യുദ്ധം നടക്കുകയാണ്. ഞങ്ങൾ നാല് ഇന്ത്യക്കാർ യുദ്ധമേഖലയിലേക്ക് പോകാൻ വിസമ്മതിച്ചു. യുദ്ധം ചെയ്യാനായി അവർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അവർ ഞങ്ങൾക്ക് നേരെ ആയുധം ചൂണ്ടുന്നു. എന്റെ കഴുത്തിൽ തോക്ക് വച്ച് എന്നെ കൊന്നു കളയുമെന്ന് അവർ ഭീഷണിപ്പെടുത്തി' അദ്ദേഹം പറഞ്ഞു.

അഹമ്മദിനൊപ്പം ആയുധ പരിശീലനം ലഭിച്ച 30 പേരിൽ 26 പേരും ഇതിനോടകം യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു . വീണ്ടും യുദ്ധത്തിനായി അതിർത്തിപ്രദേശത്തേക്ക് കൊണ്ടു പോകും വഴി അഹമ്മദ് വാഹനത്തിൽ നിന്ന് ചാടുകയും വലതു കാലിന് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്ക് ഭേദമായാലുടൻ വീണ്ടും യുദ്ധക്കളത്തിലേക്ക് പോകേണ്ടി വരുമെന്നും കൊല്ലപ്പെടുമെന്നും അഹമ്മദ് ഭയപ്പെടുന്നു. റഷ്യയിലെ ജോലിയുടെ പേരിൽ തന്നെ ചതിച്ച തൊഴിൽ ഏജന്റിനെ വെറുതെ വിടരുതെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൺസൾട്ടൻസി കമ്പനിയാണ് ജോലി വാഗ്ദാനം ചെയ്‌ത് ഭർത്താവിനെ ചതിച്ചതെന്ന് യുവതി വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കും യുവാവിനെ മടക്കികൊണ്ടുവരാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടുണ്ട്.