
''മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമ്മ മൺമറഞ്ഞിട്ട് നാളെ അമ്പതുവർഷം പൂർത്തിയാവുകയാണ്. അദ്ദേഹത്തിന്റെ വിഖ്യാത കവിതകളിലൊന്നായ 'എനിക്ക് മരണമില്ല"പോലെ ഈ കഴിഞ്ഞ അമ്പതുവർഷങ്ങളിൽ ഒരു ദിവസംപോലും അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും നമ്മിലാരെങ്കിലും മൂളാതെ കടന്നുപോയിട്ടുണ്ടോ? അപ്പോൾ, അദ്ദേഹം പാടിയപോലെ, അദ്ദേഹത്തിന് 'മരണമില്ല"യെന്നതല്ലേ സത്യം! അല്ലെങ്കിൽ, അദ്ദേഹം മറ്റൊരവസരത്തിൽ നമ്മളെക്കൊണ്ടു പാടിപ്പിച്ചതുപോലെ 'കാളിദാസൻ മരിച്ചു, കണ്വമാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു,'ശകുന്തള" മാത്രം മരിച്ചില്ല!" അതെ,'വിശ്വകാവ്യങ്ങൾ" ഏതെങ്കിലും മരണപ്പെട്ടതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? വിശ്വകാവ്യങ്ങൾ, കാലത്തെ അതിജീവിക്കുന്നവയും തങ്ങളുടെ വിശ്വവിഖ്യാത വരികളിലൂടെ അവയുടെ കർത്താക്കൾ, പിൻതലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് അനശ്വരതയെവിലയം പ്രാപിച്ചിരിക്കുന്ന അത്ഭുത കാഴ്ചയല്ലേ നമ്മൾ കാണുന്നത്? 'കടലിലെ ഓളവും, കരളിലെ മോഹവും അടങ്ങുകില്ല"യെന്ന വരികളിലൂടെ അദ്ദേഹം നമ്മുടെ ഹൃദയത്തോട് മന്ത്രിച്ചത് ഒരു സിനിമാപാട്ടിലൂടെയാണെങ്കിലും, അതിന്റെ അർത്ഥവ്യാപ്തി വലുതാണ്. കരളിലെ മോഹങ്ങൾ മനുഷ്യർക്കു മാത്രമല്ലല്ലോ, എല്ലാ ജീവജാലങ്ങൾക്കും കാണില്ലേ? അതല്ലേ, ആ വിശ്വകവി, നമ്മോടു ചോദിച്ചത്: 'ഓർമ്മകൾ മരിക്കുമോ ,ഓളങ്ങൾ നിലക്കുമോ"യെന്ന്! 1957 ആഗസ്റ്റ് 14ന് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ നമ്മുടെ ആദ്യത്തെ രാഷ്ട്രപതി ഡോക്ടർ രാജേന്ദ്രപ്രസാദ് തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ, ആ ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി വയലാർ രാമവർമ്മ രചിച്ച ഒരു വിപ്ലവഗാനമുണ്ട്:
'ബലി കുടീരങ്ങളേ.." എന്ന ആ ഗാനവും വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പഴയ തലമുറ, അതിന്റെ ആഴവും, പരപ്പും അറിഞ്ഞാണ്, അത് ആസ്വദിച്ചതെങ്കിൽ, പുതിയ തലമുറ അതുകേട്ട്, ഇന്നും ആവേശോജ്ജ്വലരാകുന്നു! ആ ഗാനത്തിന് സംഗീതമെന്ന ജീവൻ നല്കിയ മഹാപ്രതിഭ ദേവരാജൻ മാസ്റ്ററേയും ചേർത്തുപിടിച്ചു നിൽക്കുന്ന സുന്ദരസ്വര ഗീതികൾ, നമുക്ക് ഓർമ്മവച്ച നാൾ മുതൽ കേട്ടാസ്വദിച്ചു വരികയല്ലേ!"" ഇത്രയും പറഞ്ഞശേഷം, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, അവരൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത വയലാറിന്റെ ഗാനങ്ങളുടെ സുന്ദര സ്മൃതികളിലിരിക്കുന്ന കാഴ്ചയാണ് കണ്ടത്! എല്ലാവരെയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട്, പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''വയലാർ- ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് വളരെ നല്ലൊരു കെമിസ്ട്രിയായിരുന്നുയെന്ന് നമുക്കറിയാം. അത്, അനേകം അനശ്വര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. 'പ്രവാചകൻമാരേ പറയൂ"യെന്നു പറഞ്ഞ് ചില പ്രപഞ്ച സത്യങ്ങൾ ചോദിച്ചതും, ചന്ദ്ര കളഭം ചാർത്തിയുറങ്ങുന്ന തീരത്ത്, ഇനിയൊരു ജന്മം കൂടി തനിക്ക് തരുമോയെന്നു ചോദിച്ച വയലാർ, അമ്പതല്ല, മലയാളിയുള്ളിടത്തോളം കാലം മണ്ണിലുണ്ടാകുമെന്നുറപ്പല്ലേ! 'ദേവലോകരഥവുമായ്, ദേവതാരു"വും, 'കള്ളിപാലകളും" പൂക്കുന്ന പൂക്കാലം നമുക്ക് വർണ്ണിച്ചു കാട്ടിത്തന്ന വയലാർ, 'പ്രേമ ഭിക്ഷുകി"യായിരുന്ന'സന്യാസിനി"യെ പുണ്യാശ്രമത്തിലിരുത്തി മാസ്മര വരികളിലൂടെ നമുക്കു പരിചയപ്പെടുത്തി തന്നതിലൂടെ, ദിവ്യാനുരാഗത്തിന്റെ സ്വർഗ്ഗീയാനുഭൂതി, നമ്മിലെ സാധാരണക്കാർക്കു കൂടി അനുഭവവേദ്യമാക്കി മാറ്റുകയായിരുല്ലോ! ' തേടിവരുന്ന കണ്ണുകളിൽ"സ്വാമി ഓടിയെത്തുമെന്നു പറഞ്ഞ വയലാർ, 'യവന സുന്ദരി'യെയും,'തുമ്പ തണലിൽ"വന്ന തുമ്പിയേയും, എല്ലാവരും മറന്നുപോകുന്ന, 'പൂജയ്ക്കെടുക്കാതെ, പുഴുകുത്തി നില്ക്കുന്ന പൂക്കളേ"യും നമുക്ക് കാണിച്ചു തന്നു. 'ആദിയിൽ വചനമുണ്ടായത് 'അഭ്രപാളിയിൽ" പാടി കേൾപ്പിച്ചു .മലയാള സിനിമയെന്ന കലാരൂപം ആധുനിക സാങ്കേതികവിദ്യയുടെ നീരാളിപ്പിടുത്തമൊന്നുമില്ലാതിരുന്ന ഒരു സുന്ദരകാലത്ത്, കണ്ണീരിന്റെയും, പുഞ്ചിരിയുടേയും, മനുഷ്യസ്നേഹത്തിന്റെയുമൊക്കെ മൂല്യങ്ങൾ സമൂഹത്തിന് നഷ്ടപ്പെട്ടു പോകാതെ മഹാകാവ്യങ്ങളോടു കിടപിടിക്കുന്ന ആയിരത്തോളം ഗാനങ്ങളും, കവിതകളും കൈരളിക്കു സമ്മാനിച്ച മഹാപ്രതിഭയുടെ ദീപ്തസ്മരണകൾക്കു മുന്നിൽ നമുക്കു നമ്മുടെ അശ്രു പൂജകളർപ്പിക്കാം!"" ഇപ്രകാരം പ്രഭാഷകൻ നിറുത്തിയപ്പോൾ, സദസ്സിലെ ചിലരെങ്കിലും അശ്രുകണങ്ങൾ ഒപ്പുന്നതു കാണാമായിരുന്നു.