neha-madhavan

ഉത്തരേന്ത്യൻ യാത്രയക്ക് ട്രെയിനിൽ സ്ലീപ്പർ ക്ലാസുകളെ ആശ്രയിക്കുന്ന സ്ത്രീകൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും, റിസർവ് ചെയ്ത സീറ്റുകൾ ജനറൽ ടിക്കറ്റുകാർ കൈയടക്കുന്ന ഒട്ടേറെ ദുരവസ്ഥകൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇത്തരത്തിൽ കേരളത്തിൽ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിൻ യാത്രയിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് ശ്രദ്ധ നേടിയ യുവ മലയാളി ട്രാവൽ വ്ളോഗറാണ് പാലക്കാട്‌ സ്വദേശിയായ നേഹ മാധവൻ. രാജ്യത്തെ ട്രെയിൻ യാത്രകളുടെ നിലവിലെ അവസ്ഥകളെക്കുറിച്ച് കേരളകൗമുദി ഓൺലൈനുമായി നേഹ സംസാരിക്കുന്നു.

യാത്രയിലെ ഞെട്ടിക്കുന്ന അനുഭവം: തുടക്കത്തിലെ ബുദ്ധിമുട്ടുകൾ

എറണാകുളം സൗത്തിൽ നിന്ന് രാത്രി 11:55-നുള്ള ട്രെയിനിലായിരുന്നു യാത്രയുടെ തുടക്കം. യാത്ര തുടങ്ങി അൽപ്പസമയം കഴിഞ്ഞപ്പോൾ തന്നെ ബുദ്ധിമുട്ടുകൾ ആരംഭിച്ചു. ഞാൻ മിഡിൽ ബെർത്തിൽ കിടക്കുമ്പോൾ, എന്റെ കാലിന്റെ ഭാഗത്തേക്ക് ഒരാൾ മെല്ലെ കയറിക്കിടക്കാൻ ശ്രമിക്കുന്നതായി അനുഭവപ്പെട്ടു. പൂർണമായും ഞാൻ ഉറക്കത്തിലായിരുന്നില്ല.

പെട്ടെന്ന് എഴുന്നേറ്റു നോക്കിയപ്പോൾ ഒരു പുരുഷൻ ഇഴഞ്ഞ് സൈഡിലേക്ക് കിടക്കാൻ വരുന്നത് കണ്ടപ്പോൾ ഭയങ്കര അസ്വസ്ഥത തോന്നി. എനിക്കറിയാവുന്ന എല്ലാ ഭാഷയിലും ഒച്ച വച്ച് ഞാൻ അയാളെ അവിടെ നിന്ന് മാറ്റി. വെളുപ്പിന് കൃത്യം 4:30-ന് ആയിരുന്നു സംഭവം ഉണ്ടായത്. അതിന് ശേഷം ഉറങ്ങാനായില്ല. കോച്ചിലേക്ക് ആളുകൾ കയറിക്കൊണ്ടിരുന്നു. ആദ്യം അത് അവരുടെ റിസർവ് ചെയ്ത സീറ്റുകളായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ പുലർച്ചയോടെയാണ് മനസിലായത്, എല്ലാവരും ജനറൽ ടിക്കറ്റുകാരാണെന്ന്.

neha-madhavan

റിസർവ് ചെയ്ത ബർത്തിലേക്കുള്ള ജനറൽ ടിക്കറ്റുകാരുടെ കടന്നു കയറ്റം: ഭയവും പ്രതികരണവും

റിസർവ് ചെയ്ത ബർത്തിലേക്ക് മറ്റൊരാൾ കയറാൻ ശ്രമിച്ചത് പ്രത്യേകിച്ച് രാത്രി സമയത്ത്, ഏറെ ഭയപ്പെടുത്തുന്നതായിരുന്നു. ആങ്സൈറ്റി അറ്റാക്ക്സിന് മരുന്ന് കഴിക്കുന്ന ഒരാളാണ് ഞാൻ. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ മാനസികമായി തയ്യാറെടുത്താണ് യാത്ര ചെയ്യുന്നതെങ്കിലും, പെട്ടെന്നുള്ള ഇത്തരം സംഭവം മാനസികമായി തളർത്തി. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ ശക്തരായിരിക്കണമെന്നില്ല.എന്താണ് ചെയ്യുന്നതെന്ന ഭാവത്തിൽ ഞാൻ ഉച്ചത്തിൽ പ്രതികരിച്ചു. ബഹളം വച്ചപ്പോൾ അവർ മാറിപ്പോയി. വീണ്ടും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചു. പുരുഷന്മാരാണ് കൂടുതലും സീറ്റിലേക്ക് കടന്നു കയറാൻ ശ്രമിച്ചത്. അവരെ ഒഴിവാക്കിയെങ്കിലും, അപ്രതീക്ഷിതമായി എനിക്ക് ആങ്സൈറ്റി അറ്റാക്ക് വന്നു. നിർഭാഗ്യവശാൽ മരുന്ന് കൈയിൽ എടുക്കാൻ മറന്നിരുന്നു. ഡോക്ടർ പറഞ്ഞു തന്ന ടിപ്പുകളും ധൈര്യവും ഉപയോഗിച്ചാണ് ആ സാഹചര്യത്തെ അന്ന് നേരിട്ടത്.

അധികൃതരുടെ അവഗണന: വിശ്വാസം നഷ്ടപ്പെടൽ

ട്രെയിൻ യാത്രകളിൽ ബുദ്ധിമുട്ടുണ്ടായാൽ റെയിൽവേ പൊലീസ് ഉടൻ എത്തുമെന്നും, ആപ്പുകൾ വഴി പരാതി നൽകിയാൽ പെട്ടെന്ന് നടപടിയുണ്ടാകുമെന്നും മറ്റ് യാത്രക്കാരുടെ വീഡിയോകളിൽ കണ്ട വിശ്വാസത്തിലാണ് സഹായത്തിന് ശ്രമിച്ചത്. രാവിലെ 9.40-ന് 139 എന്ന റെയിൽവേ നമ്പറിലേക്ക് ഏഴു തവണയെങ്കിലും വിളിച്ചു. ഓരോ തവണ സംസാരിച്ചപ്പോഴും പരാതി രജിസ്റ്റർ ചെയ്തു എന്ന സന്ദേശം ലഭിച്ചു, എന്നാൽ ആരും എത്തിയില്ല. തുടർന്ന് റെയിൽ മദദ് ആപ്പ് വഴി ജനറൽ ടിക്കറ്റുകാർ കോച്ചിൽ പ്രവേശിച്ചുവെന്ന പരാതി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അയച്ച പരാതിയിൽ പിശകുണ്ടെന്ന് പറഞ്ഞ് പരാതി വീണ്ടും തിരുത്താൻ ആവശ്യപ്പെടുകയായിരുന്നു.

റെയിൽവേ അധികൃതരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തത് നിരാശയുണ്ടാക്കി. റെയിൽവേ ഡിപ്പാർട്ട്മെന്റ് സേഫ് ആണ് അവരെ വിളിച്ചാൽ കിട്ടും എന്നൊക്കെയുള്ള സുരക്ഷിതത്വബോധം പെട്ടെന്ന് ഇല്ലാതെയായി. അടുത്ത ദിവസവും ഇതേ ദുരിതം തന്നെ നേരിടേണ്ടിവന്നു. എന്തുണ്ടെങ്കിലും സ്വയം കൈകാര്യം ചെയ്യണം, അധികൃതരെ വിശ്വസിച്ചിട്ട് കാര്യമില്ലെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു.

ടിടിഇയുടെ ഇടപെടൽ: ഫെസ്റ്റിവൽ സീസൺ, അഡ്ജസ്റ്റ് ചെയ്യണം

യാത്രയ്ക്കിടെ ടിടിഇ റൗണ്ട്സിന് വന്നപ്പോഴാണ് പരാതി പറഞ്ഞത്. റിസർവ് ചെയ്ത സീറ്റിൽ ഒരുപാട് പേർ കയറിയിരിക്കുന്നതും പുലർച്ചെ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും വീഡിയോ സഹിതം കാണിച്ചു. എന്നാൽ ടിടിഇയുടെ പ്രതികരണം വിഷമിപ്പിച്ചു. 'ഫെസ്റ്റിവൽ സീസൺ ആണ് മാഡം, ഇങ്ങനെയായിരിക്കും. അഡ്ജസ്റ്റ് ചെയ്യണം' എന്നായിരുന്നു ടിടിയുടെ മറുപടി. എങ്കിലും എന്റെ ആവശ്യം ഗൗരവമാണെന്ന് മനസിലായപ്പോൾ, ടിടിഇ മറ്റ് യാത്രക്കാരോട്, നടപടിയുണ്ടായാൽ എല്ലാവരും ജയിലിൽ പോകേണ്ടിവരും, അത് വേണ്ടെങ്കിൽ മാറി കൊടുക്കുന്നതാണ് നല്ലതെന്ന് പറയുകയുണ്ടായി. എന്നാൽ ടിടിഇ ഇടപെട്ടിട്ടും ഞാൻ തന്നെയാണ് വീണ്ടും എല്ലാവരെയും സീറ്റിൽ നിന്ന് മാറ്റിയത്.

View this post on Instagram

A post shared by Neha (@nehaaaa_8_)


റെയിൽവേ സ്റ്റേഷനും ട്രെയിൻ കോച്ചുകളും

റെയിൽവേയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഈ യാത്രയോടെ തകർന്നു. എനിക്ക് റെയിൽവേ സ്റ്റേഷനുകൾ വളരെ ഇഷ്ടമായിരുന്നു. എന്റെ പല യാത്രകളിലും പൈസ ലാഭിക്കാൻ വേണ്ടി റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയിട്ടുണ്ട്. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ എനിക്ക് എന്റെ വീട് പോലെയാണ് തോന്നാറ്. എന്നാൽ നോർത്തിലെ പല റെയിൽവേ സ്റ്റേഷനുകളിലും പ്രോപ്പർ സിറ്റിംഗ് ഏരിയകൾ പോലുമില്ല. ആളുകൾ തറയിൽ വിരിച്ചാണ് ഇരിക്കുന്നത്. ഇത് റെയിൽവേയോടുള്ള മൊത്തത്തിലുള്ള കാഴ്ചപ്പാടിൽ മാറ്റങ്ങളുണ്ടാക്കി.

neha-madhavan

നേരത്തെ ഇതേ റൂട്ടിൽ വാരാണസിയിലേക്ക് ജനറൽ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തിട്ടുണ്ട്. കാലു കുത്താനുള്ള സ്ഥലമില്ലാത്തത്ര തിരക്കായിരുന്നു. ഒരു സീറ്റിൽ എട്ടും പത്തും ആളുകൾ ഇരിക്കും. ബാത്‌റൂമുകളുടെ അവസ്ഥ പറയേണ്ട. വൃത്തിയില്ലായ്മ മാത്രമല്ല, മൂന്നും നാലും പേർ ബാത്‌റൂമിനുള്ളിൽ പോലും ഇരിക്കുന്നത് കണ്ടിട്ടുണ്ട്. പലരും തംബാക്ക് (ചിലതരം പുകയില ഉത്പന്നങ്ങൾ) ഉപയോഗിച്ച് മയങ്ങിയ അവസ്ഥയിലായിരിക്കും. ഇതുകൂടാതെ പാമ്പാട്ടികളും സ്വാമിമാരും ട്രെയിനിൽ വന്ന് പണം ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായി.

മുൻകരുതലുകൾ, സുരക്ഷ, പരിഹാരം

രണ്ട് ദിവസത്തിലധികമുള്ള യാത്രയാണെങ്കിൽ ഹോം ഫുഡ്, ബ്രെഡ് എന്നിവ കൈയിൽ കരുതുക. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പില്ല.പെപ്പർ സ്പ്രേ കൈയിൽ കരുതുന്നത് വളരെ പ്രധാനമാണ്. എല്ലാവരെയും പോയി പഠിപ്പിക്കാൻ നമുക്ക് കഴിയില്ല. സിസ്റ്റത്തെ വിശ്വസിച്ചിട്ട് കാര്യമില്ല, നമ്മൾ സ്വയം പ്രതിരോധിക്കേണ്ടി വരും.

റെയിൽവേയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ:

ജനറൽ കംപാർട്ടുമെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പോകുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ നൽകണം. ഉത്തരേന്ത്യയിൽ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് നാട്ടിലേക്ക് പോകാനുള്ള ഏക ആശ്രയമാണ് ഇത്തരം ട്രെയിനുകൾ. പലർക്കും ടിക്കറ്റിനെക്കുറിച്ചും ക്ലാസിനെക്കുറിച്ചും ശരിയായ അറിവില്ല. ഇതിൽ മാറ്റം വരുത്തണം. റിസർവ് ചെയ്ത കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്നവരെ അനുവദിക്കുന്ന പ്രവണത റെയിൽവേയുടെ ഭാഗത്തുനിന്ന് തടയണം. ടിടിഇമാർ പണം വാങ്ങി ഇവരെ യാത്ര ചെയ്യാൻ അനുവദിക്കുന്നതായിട്ടാണ് കാണുന്നത്.

View this post on Instagram

A post shared by Neha (@nehaaaa_8_)