
പാലക്കാട്: കേരളത്തിൽ മദ്യനിർമാണം വർദ്ധിപ്പിക്കണമെന്നും തദ്ദേശീയമായി നിർമിച്ച് വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യാൻ കഴിയണമെന്നും മന്ത്രി എംബി രാജേഷ്. പ്രാദേശിക എതിർപ്പുകൾ ഉയരാമെന്നും എന്നാലത് പരിഗണിച്ചാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
'കേരളത്തിൽ ഒൻപത് ഡിസ്റ്റിലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം പോലും ഉത്‌പാദിപ്പിക്കുന്നില്ല. കേരളത്തിന് തന്നെ മദ്യം ഉത്‌പാദിപ്പിക്കാവുന്നതാണ്. ചില സ്ഥാപിത താത്‌പര്യക്കാരാണ് തദ്ദേശീയമായുള്ള മദ്യ ഉത്‌പാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്റെ പ്രശ്‌നം പറയുന്നവരുണ്ട്. കർണാടകയിൽ ഇല്ലാത്ത എന്ത് പ്രശ്‌നമാണ് കേരളത്തിലുള്ളത്. സ്ഥാപിത താത്‌പര്യങ്ങൾക്ക് മുന്നിൽ വഴങ്ങില്ല. വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവയ്പ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ല.
സംസ്ഥാനത്തിന്റെ മദ്യനയം അഞ്ച് വർഷത്തേക്കാക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ ഓരോ വർഷത്തേക്കാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യനിർമാണ വ്യവസായത്തെ ബാധിക്കുന്നുണ്ട്. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുന്നു. ഇത് പരിഹരിക്കാനായി ദീർഘകാല മദ്യനയം വേണം. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കണം'- മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.