zoho

ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ പണമിടപാടുകൾ നടത്താൻ പുതിയ ഡിജിറ്റൽ പേയ്മെന്റ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ടെക്ക് കമ്പനിയായ സോഹോ. ഗൂഗിൾ പേ, ഫോൺ പേ, വാട്‌സാപ് പേ സേവനങ്ങൾക്ക് എതിരാളിയായിട്ടാകും 'സോഹോ പേ' ആപ്പ് എത്തുക. സ്വതന്ത്ര ആപ്പായും സോഹോയുടെ അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും ഇതുവഴി പേയ്മെന്റ് സേവനം ലഭ്യമാകും. വാട്‌സാപ്പിലൂടെ പണമിടപാട് നടത്തുന്നത് പോലെയായിരിക്കും അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലെയും സാമ്പത്തിക ഇടപാട്.

സോഹോ 2021ൽ പുറത്തിറക്കിയ മെസേജിംഗ്, കോളിംഗ്, മീറ്റിംഗ് ആപ്പാണ് അരട്ടൈ. അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യയിലെ ആപ്പ് സ്റ്റോർ റാങ്കിംഗിൽ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പട്ടികയില്‍ വാട്‌സ്ആപ്പിനെ അരട്ടൈ പിന്തള്ളിയിരുന്നു. വോയ്‌സ്, വീഡിയോ കോളിംഗ്, ഗ്രൂപ്പ് ചാറ്റുകൾ, ചാനലുകൾ, സ്റ്റോറികൾ, ഓൺലൈൻ മീറ്റിംഗുകൾ തുടങ്ങി നിരവധി ഫീച്ചറുകള്‍ അരട്ടൈ എന്ന ഒറ്റ പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്നുണ്ട്. അരട്ടൈ ആപ്പിൾ ഉപയോക്താക്കൾക്ക് വൺ-ഓൺ-വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയല്‍ ഷെയറിംഗ് എന്നിവയും സാധ്യമാണ്.

അരട്ടൈ മെസ്സേജിംഗ് പ്ലാറ്റ്‌ഫോമിലും പണമിടപാട് സാധ്യമാകുന്നതോടെ ചാറ്റുകൾക്കിടയിൽ തന്നെ പണം അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. 'സോഹോ പേ' ആപ്പിലൂടെയുള്ള പണമിടപാട് യുപിഐ വഴിയായിരിക്കും. ഓണ്‍ലൈനായി പണം അയക്കാനും സ്വീകരിക്കാനും തടസമില്ലാതെ ഇടപാടുകള്‍ നടത്താനും പുത്തന്‍ പ്ലാറ്റ്‌ഫോം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തന്നെ സോഹോയുടെ ഫിൻടെക്ക് വിഭാഗത്തിന് പേയ്മെന്റ് സേവനങ്ങൾക്കുള്ള അനുമതി ലഭിച്ചിരുന്നു. സോഹോ ബുക്‌സ്, സോഹോ പേറോള്‍, സോഹോ ബില്ലിങ് തുടങ്ങിയ സേവനങ്ങള്‍ നിലവില്‍ കമ്പനി നല്‍കുന്നുണ്ട്.