job

ന്യൂയോർക്ക്: യുഎസിൽ സർക്കാർ ജോലിക്കിടെ സ്വകാര്യ തൊഴിൽ ചെയ്‌തതിന് ഇന്ത്യൻ വംശജൻ അറസ്‌റ്റിൽ. ന്യൂയോർക്കിൽ സ്ഥിരതാമസമാക്കിയ 39 കാരൻ മെഹുൽ ഗോസ്വാമിയെയാണ് യുഎസ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ന്യൂയോർക്ക് സ്റ്റേ‌റ്റ്‌ ഓഫീസ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി സർവ്വീസസിൽ ജോലി ചെയ്യുന്നതിനിടെ കോൺട്രാക്‌ടറായി പ്രവർത്തിച്ചതിനാണ് ഇയാൾ അറസ്‌റ്റിലായത്. സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിൽ ഒരേസമയം ജോലിചെയ്‌തതിലൂടെ വലിയ കൊള്ള നടത്തിയെന്നാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്ന കുറ്റം.

ന്യൂയോർക്ക് സ്റ്റേ‌റ്റ് ഇൻസ്പെക്ടർ ജനറൽ ഓഫീസും സാരറ്റോ‌ഗ കോണ്ടി ഓഫീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ നിയമവിരുദ്ധമായ പ്രവൃത്തി കണ്ടെത്തിയത്. നികുതിദായകർ നൽകുന്ന 50,000 ഡോളർ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂയോർക്ക് സ്‌റ്റേ‌റ്റ് ഓഫീസിൽ റിമോർട്ടറായി ജോലി ചെയ്യുന്നതിനിടയിൽ 2022 മാർച്ചിലാണ് ഇയാൾ മാൾട്ടയിലെ സെമികണ്ടക്ടർ കമ്പനിയായ ഗ്ലോബൽ ഫൗണ്ടറീസിൽ കോൺട്രാക്ടറായി ജോലി ചെയ്യാൻ തുടങ്ങിയത്. ഒരു സ്‌റ്റേ‌റ്റ് ജീവനക്കാരൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ട അതേ സമയങ്ങളിൽ സ്വകാര്യ തൊഴിലുടമ‌യ്‌ക്കായി വേണ്ടി ജോലി ചെയ്‌തുവെന്നാരോപിച്ച് ഗോസ്വാമിക്കെതിരെ ഒരു അഞ്ജാത ഇ-മെയിൽ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

'സത്യസന്ധതയോടെ ജോലി ചെയ്യുകയെന്നതാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. ഗോസ്വാമിയുടെ പെരുമാറ്റം ആ വിശ്വാസത്തിന്റെ ലംഘനമാണ്. സർക്കാരിനു വേണ്ടി ജോലി ചെയ്യുന്നുവെന്ന് പറയുമ്പോഴും മറ്റൊരു ജോലി ചെയ്യുന്നത് നികുതി നൽകുന്നവരുടെ പണം ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്'- ഇൻസ്പെക്ടർ ജനറൽ ലൂസി ലാങ് പറഞ്ഞു. ഗോസ്വാമിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ ജാമ്യം വകുപ്പുകൾ അല്ലാത്തതിനാൽ കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചു.