
ഒരുകാലത്ത് സിനിമാ സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന നടനായിരുന്നു കവിരാജ്. ഇപ്പോൾ താരം അഭിനയരംഗം വിട്ട് ആത്മീയപാതയിലാണ് കുടുംബത്തോടൊപ്പം ജീവിക്കുന്നത്. ദിലീപ് നായകനായി തിളങ്ങിയ പല സിനിമകളിലും ചെറിയ വേഷങ്ങളിൽ കവിരാജ് എത്തിയിരുന്നു. ഇപ്പോഴിതാ അഭിനയ രഗത്തുനിന്നുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് കവിരാജ്. ചില സിനിമാപ്രവർത്തകർ നികൃഷ്ട ജീവിയെ പോലെയാണ് തന്നെ കണ്ടിരുന്നതെന്നും കവിരാജ് പറഞ്ഞു, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ഞാൻ സിനിമയിൽ നിന്ന് പൂർണമായി മാറാനുളള പ്രധാന കാരണങ്ങൾ ചിലരുടെ സ്വഭാവമാണ്. പല സൂപ്പർസ്റ്റാറുകളോടൊപ്പവും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ വിജയിച്ച പല സിനിമകളുടെയും ഭാഗമാകാനും എനിക്ക് സാധിച്ചു. അത് ഭാഗ്യമായാണ് കാണുന്നത്. ആദ്യകാലങ്ങളിൽ സാമ്പത്തികപരമായി ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയരംഗത്തെത്തുന്നത്. അല്ലാതെ അഭിനയം ഇഷ്ടപ്പെട്ട് വന്നതല്ല. അതുകൊണ്ടാണ് അഭിനയത്തിൽ നിന്ന് പിൻമാറണമെന്ന് എനിക്ക് തോന്നിയത്.
പല ലൊക്കേഷനുകളിൽ നിന്നും നികൃഷ്ടമായ പെരുമാറ്റങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രമുഖ ചാനലിൽ ഹിറ്റായി സംപ്രേഷണം ചെയ്തിരുന്ന ഒരു സീരിയലിൽ ഞാൻ പ്രധാന വില്ലൻ വേഷത്തെ അവതരിപ്പിച്ചിരുന്നു. അതിലെ ക്യാമറാമാൻ മാനസികമായി ഒരുപാട് വിഷമിപ്പിച്ചിരുന്നു. ഞാൻ അഭിനയിക്കുന്നതൊന്നും അയാൾക്ക് ഇഷ്ടപ്പെടില്ലായിരുന്നു. എന്റെ വസ്ത്രധാരണവും അയാൾക്ക് ഇഷ്ടമില്ലായിരുന്നു. അയാൾ അപമാനിക്കുമ്പോൾ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് അതൊക്കെ സഹിച്ചുനിന്നിട്ടുളളത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നവരുടെ ജോലിക്ക് ഇതിനേക്കാൾ അന്തസുണ്ടായിരുന്നുവെന്ന് എനിക്ക് അന്ന് തോന്നി. അല്ലാതെ കഴിവില്ലാത്തതുകൊണ്ട് അഭിനയ രംഗത്ത് നിന്ന് മാറിനിൽക്കുന്നതല്ല. ജീവിതസാഹചര്യം കൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് അത്തരമൊരു സാഹചര്യത്തിൽ നിന്നത്.
ഒരു പ്രമുഖ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ദിലീപ് നായകനായ കല്യാണരാമനിൽ ചെറിയ വേഷത്തെ അവതരിപ്പിക്കാൻ എന്നെ വിളിച്ചിരുന്നു. അന്ന് ഞാൻ ഒരു സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു. ഒരുപാട് തിരക്കായിരുന്നു. അദ്ദേഹം വിളിച്ചിട്ട് ഞാൻ പോയി. ചെറിയൊരു വേഷമാണ്. എന്നിട്ടും നമ്മളെടുക്കുന്ന പരിശ്രമം വലുതാണ്. അതാരും അറിയുന്നില്ല. രണ്ടു ദിവസമായിരുന്നു ഷൂട്ടിംഗ്. അതിൽ അഭിനയിച്ചതിന് എനിക്ക് 10,000 രൂപ ലഭിച്ചു. എന്നാൽ മീശമാധവനിൽ ഞാൻ ഒന്നര മാസം ലൊക്കേഷനിലുണ്ടായിരുന്നു. അന്ന് വെറും 5000 രൂപ മാത്രമാണ് ലഭിച്ചത്. സിനിമയ്ക്കായി പൊളളാച്ചിയിൽ പെരുവെയിലിൽ ഒരുപാട് കഷ്ടപ്പെട്ടു. എന്നിട്ടും വലിയ പ്രതിഫലമൊന്നും ലഭിച്ചില്ല.