
ന്യൂഡൽഹി: പരസ്യങ്ങളിലൂടെ കാഴ്‌ച്ചക്കാരെ വിസ്‌മയിപ്പിച്ച കാലാകാരൻ പിയൂഷ് പാണ്ഡെ അന്തരിച്ചു. ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങൾക്ക് പിന്നിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അണുബാധയെ തുടർന്ന് 70-ാം വയസിലായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ ശനിയാഴ്ച നടക്കും.
ഏകദേശം 40 വർഷത്തോളം പരസ്യമേഖലയിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. പ്രശസ്‌ത പരസ്യ സ്ഥാപനമായ ഓഗിൽവിയുടെ ചീഫ് ക്രിയേറ്റർ ഓഫീസർ, എക്‌സിക്യൂട്ടീവ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1982ലാണ് പാണ്ഡെ ഓഗിൽവിയിൽ ചേർന്നത്. സൺലൈറ്റ് ഡിറ്റർജന്റിനായാണ് അദ്ദേഹം തന്റെ ആദ്യ പരസ്യം എഴുതിയത്. ആറു വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് വിഭാഗത്തിലേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് ഫെവിക്കോൾ, കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ലൂണ മോപെഡ്, ഫോർച്യൂൺ ഓയിൽ തുടങ്ങി നിരവധി ബ്രാൻഡുകൾക്കായി ശ്രദ്ധേയമായ പരസ്യങ്ങൾ സൃഷ്ടിച്ചു. ഇക്കണോമിക്ക് ഇന്ത്യ നടത്തിയ ഒരു സ്വതന്ത്ര സർവെയിൽ തുടർച്ചയായ 12 വർഷങ്ങളിൽ രാജ്യത്തെ ഒന്നാമത്തെ ഏജൻസിയായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഒഗിൽവി സ്ഥാനം ഉറപ്പിച്ചു.
2016ൽ അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. മറ്റനവധി അംഗീകാരങ്ങളും ആദരവുകളും അദ്ദേഹത്തെ തേടിയെത്തി. 2013ൽ ജോൺ എബ്രഹാം അഭിനയിച്ച 'മദ്രാസ് കഫേ', ഐസിഐസിഐ ബാങ്കിന്റെ മാർക്കറ്റിംഗ് കാമ്പെയ്‌നായ 'മാജിക് പെൻസിൽ പ്രോജക്റ്റ് വീഡിയോകൾ' എന്നിവയിൽ അഭിനയിച്ചുകൊണ്ടാണ് പാണ്ഡെ അഭിനയരംഗത്തേക്ക് കടന്നുവന്നത്.
ദേശീയ ഏകീകരണത്തെയും നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെയും പ്രോത്സാഹിപ്പിക്കുന്ന 'മൈലേ സുർ മേരാ തുംഹാര' എന്ന ഗാനം രചിച്ചത് പാണ്ഡെയാണ്. 'ഭോപ്പാൽ എക്സ്പ്രസ്' എന്ന ചിത്രത്തിന്റെ സഹരചയിതാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിരവധി സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ അദ്ദേഹത്തിന് ആദരം അർപ്പിച്ചു. ഇന്ത്യൻ പരസ്യങ്ങളുടെ ഇതിഹാസമായ അദ്ദേഹം, തന്റെ ദൈനംദിന ശൈലികൾ, മണ്ണിനോടിണങ്ങുന്ന നർമ്മം,ഊഷ്മളത എന്നിവയാണ് ആശയവിനിമിയത്തിൽ ഉപയോഗിച്ചതെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എക്‌സിൽ കുറിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യം തലമുറകളിലേക്ക് പ്രചോദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ പശ്ചാത്തലത്തിൽ പാണ്ഡെ സാർഗ്ഗാത്മകത നെയ്തെടുത്തുവെന്ന് കൊട്ടക് മഹീന്ദ്രാ സ്ഥാപകനായ ഉദയ് കൊട്ടക് പറഞ്ഞു.