bharath-taxi-service

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സഹകരണ ടാക്സി സർവീസ് ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്സി കമ്പനികളെ നേരിട്ട് വെല്ലുവിളിച്ചാണ് 'ഭാരത് ടാക്സി' എന്ന പേരിൽ പുതിയ സർവീസ് ആരംഭിക്കാനുള്ള സർക്കാരിന്റെ നീക്കം.


കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്റെയും സംയുക്ത സംരംഭമാണിത്. സ്വകാര്യ ടാക്സി സർവീസുകൾക്ക് ബദലായി, സർക്കാർ മേൽനോട്ടത്തിലുള്ള സംവിധാനം വഴി ഡ്രൈവർമാർക്ക് അവരുടെ വരുമാനം പൂർണ്ണമായി സ്വന്തമാക്കാൻ കഴിയും. വൃത്തിയില്ലാത്ത വാഹനങ്ങൾ, അമിത നിരക്കുകൾ, ഏകപക്ഷീയമായ ബുക്കിംഗ് റദ്ദാക്കലുകൾ, പെട്ടെന്നുള്ള നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള പരാതികൾ സ്വകാര്യ ആപ്പ് അധിഷ്ഠിത ടാക്സി സേവനങ്ങൾക്കെതിരെ വർഷങ്ങളായി ഉയർന്നിരുന്നു.

കൂടാതെ കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ നിരക്കിനെതിരെ ഡ്രൈവർമാരും പരാതികൾ ഉന്നയിച്ചിരുന്നു. പലപ്പോഴും യാത്രാക്കൂലിയുടെ 25 ശതമാനം വരെയാണ് കമ്മീഷനായി ഇവർക്ക് നഷ്ടമായത്. ഈ സാഹചര്യങ്ങൾ മാറ്റാനാണ് പുതിയ ഭാരത് ടാക്സി പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നത്.

സ്വകാര്യ അഗ്രഗേറ്റർമാരിൽ നിന്ന് വ്യത്യസ്തമായി ഭാരത് ടാക്സിയിലെ ഡ്രൈവർമാർ യാത്രകളിൽ കമ്മീഷൻ നൽകേണ്ടതില്ല. പകരം ദിവസേനയോ ആഴ്ചതോറുമോ മാസത്തിലോ നിശ്ചിത നോമിനൽ ഫീസ് മാത്രം അടച്ച് അംഗത്വമെടുക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ഇത് ഡ്രൈവർമാർക്ക് കൂടുതൽ വരുമാനം നേടാൻ സഹായകമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.


ഭാരത് ടാക്സിയുടെ ആദ്യ ഘട്ടം നവംബറിൽ ഡൽഹിയിലാണ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ 650 വാഹനങ്ങളും അവയുടെ ഉടമകളും ഡ്രൈവർമാരും ഈ സർവീസിന്റെ ഭാഗമാകും. ദേശീയ തലത്തിൽ സംഭവം വിജയിച്ചാൽ, ഡിസംബറിൽ പൂർണ്ണ തോതിൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.


ആദ്യ ഘട്ടത്തിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ 5,000 ഡ്രൈവർമാർ പങ്കെടുക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ മുംബയ്, പൂനെ, ഭോപ്പാൽ, ലക്നൗ, ജയ്പൂർ ഉൾപ്പെടെ 20 നഗരങ്ങളിലേക്ക് സർവീസ് നീട്ടും. 2030ഓടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അടക്കം ഒരു ലക്ഷം ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.


ഭാരത് ടാക്സി സ്വകാര്യ കോർപ്പറേഷനായിട്ടല്ല മറിച്ച് സഹകരണ സംരംഭമായിട്ടാണ് പ്രവർത്തിക്കുക. 300 കോടിയുടെ പ്രാരംഭ മൂലധനത്തിൽ ജൂണിൽ സ്ഥാപിച്ച സഹകർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ആയിരിക്കും പ്ലാറ്റ്‌ഫോമിന്റെ നടത്തിപ്പ് ചുമതല വഹിക്കുക.

അമുൽ ബ്രാൻഡിന്റെ പേരിൽ പ്രശസ്തമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടർ ജയൻ മേത്ത അദ്ധ്യക്ഷനായ പുതിയ ഭരണസമിതിക്കായിരിക്കും ടാക്സി സർവീസിന്റെ മേൽനോട്ട ചുമതല. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ രോഹിത് ഗുപ്ത വൈസ് ചെയർമാനായി പ്രവർത്തിക്കും.