
ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യാൻ പ്രധാനമായും ആവശ്യമുള്ള രേഖയാണ് പാസ്പോർട്ട്. എന്നാൽ പാസ്പോർട്ട് ഇല്ലാതെയും ലോകത്തെവിടെയും യാത്ര ചെയ്യാൻ കഴിയുന്ന മൂന്ന് വ്യക്തികളുണ്ട്. ചരിത്രപരമായ പദവി കൈവശമുള്ള ബ്രിട്ടീഷ് രാജാവ്, ജപ്പാൻ ചക്രവർത്തി, ജപ്പാൻ ചക്രവർത്തിനി എന്നിവർക്കാണ് ലോകത്തെവിടെയും സഞ്ചരിക്കാൻ പാസ്പോർട്ടിന്റെ ആവിശ്യമില്ലാത്തത്. ചാൾസ് മൂന്നാമൻ രാജാവിന് മുമ്പ്, ഈ പദവി എലിസബത്ത് രാജ്ഞിക്കായിരുന്നു.
ബ്രിട്ടീഷ് രാജാവ് - ചാൾസ് മൂന്നാമൻ
രാഷ്ട്രത്തലവൻ എന്ന നിലയിൽ, ചാൾസ് മൂന്നാമൻ രാജാവ് പാസ്‌പോർട്ടിന് പകരം സ്വന്തം പേരിൽ നൽകുന്ന ഒരു ഔപചാരിക രേഖയുമായാണ് യാത്ര ചെയ്യുന്നത്. മറ്റ് രാജകുടുംബാംഗങ്ങൾക്ക് നൽകാത്ത നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പദവിയാണത്. അദ്ദേഹത്തിന് യാത്രാസൗകര്യവും സംരക്ഷണവും നൽകണമെന്നും ആ രേഖയിൽ ആഗോള അധികാരികളോട് അഭ്യർത്ഥിക്കുന്നുണ്ട്.
ജപ്പാൻ ചക്രവർത്തി - നരുഹിതോ ചക്രവർത്തി
ജപ്പാനിലെ ചക്രവർത്തി ജീവിക്കുന്ന ഒരു ദേശീയ ചിഹ്നമായാണ് അവിടുള്ളവർ കരുതുന്നത്. സർക്കാർ പാരമ്പര്യവും ഭരണഘടനാ നിയമവും അനുസരിച്ച്, വിദേശ സന്ദർശനങ്ങൾക്ക് അദ്ദേഹത്തിന് പാസ്‌പോർട്ട് കൈവശം വയ്‌ക്കേണ്ട ആവശ്യമില്ല. എല്ലാ യാത്രകളും നയതന്ത്ര മാർഗങ്ങൾ വഴി നേരിട്ട് ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്.
ജപ്പാൻ ചക്രവർത്തിനി - മസാക്കോ ചക്രവർത്തിനി
ജപ്പാനിലെ ചക്രവർത്തിയുടെ ഭാര്യ എന്ന നിലയിൽ ജപ്പാൻ ചക്രവർത്തിനിക്കും പാസ്പോർട്ടിന്റെ ആവശ്യമില്ല. സാമ്രാജ്യത്വത്തിന്റെ പാരമ്പര്യവും അവരുടെ ഔദ്യോഗിക പങ്കും കാരണമാണിത്.