
ബീജിംഗ്: 57കാരനായ തെരുവ് കച്ചവടക്കാരൻ പ്രതിദിനം സമ്പാദിക്കുന്നത് 25 ലക്ഷം രൂപ. ചൈനയിലാണ് സംഭവം. ദാരിദ്യംമൂലം ജപ്‌തി ഭീഷണി നേരിട്ട ടാംഗ് ജിയാൻ എന്ന വയോധികനാണ് ഇപ്പോൾ പ്രതിദിനം 200,000 യോൻ സമ്പാദിക്കുന്നത്. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലുള്ള ഖിംഗ്‌ഡാവോയിൽ മൂന്ന് റെസ്റ്റോറന്റുകളുടെയും ബാറുകളുടെയും ഉടമയായിരുന്നു ജിയാൻ. പിന്നീട് കടക്കെണിയിലായതോടെ തെരുവിൽ ഭക്ഷണം വിൽക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ റോസ്റ്റഡ് സോസേജ് ബ്രാൻഡ് രാജ്യം മുഴുവൻ വൻ ഹിറ്റായി മാറിയതാണ് തലവര തന്നെ മാറ്റിമറിച്ചത്.
2000കളുടെ തുടക്കത്തിൽ, ടാംഗിന്റെ റെസ്റ്റോറന്റുകൾ പ്രതിമാസം മൂന്ന് ദശലക്ഷം യുവാൻ (ഏകദേശം 3.6 കോടി രൂപ) വരെ വരുമാനം നേടിയിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് മേപ്പിൾ വുഡ് ഉൾപ്പെടെയുള്ള സംരംഭങ്ങളിൽ നിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തിരിച്ചടിയാവുകയായിരുന്നു. 2015 ആയപ്പോഴേക്കും ടാംഗിന്റെ കർബാദ്ധ്യത ഏകദേശം 46 ദശലക്ഷം യുവാൻ (ഏകദേശം 56.6 കോടി രൂപ) ആയി. പിന്നാലെ അദ്ദേഹം പാപ്പരത്തം പ്രഖ്യാപിക്കുകയും തന്റെ ആസ്തികൾ വിൽക്കുകയും ചെയ്തു. റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. ഇതിനിടെ വിവാഹമോചിതനാവുകയും ചെയ്തു.
ഈ കാലയളവിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചുവെന്ന് ടാംഗ് പറയുന്നു. എന്നാൽ കുടുംബത്തെയും കടക്കാരെയും കുറിച്ചുള്ള ചിന്തകൾ പോരാടാൻ തനിക്ക് ശക്തി നൽകുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മൂന്ന് വർഷങ്ങൾക്ക് ശേഷം, 2018ൽ ടാംഗ് ഒരു പുതിയ തുടക്കം കുറിക്കാൻ തീരുമാനിച്ചു. തന്റെ മുൻ റെസ്റ്റോറന്റുകളിൽ ഒന്നിൽ നിന്ന് നൂറ് മീറ്റർ അകലെ ഒരു ചെറിയ റോസ്റ്റഡ് സോസേജ് സ്റ്റാൾ തുറന്നു.
430 രൂപ വിലയുള്ള ഒരു സോസേജ് സ്റ്റഫറുപയോഗിച്ച് 74 വയസുള്ള അമ്മയുടെ സഹായത്തോടെ ടാംഗ് കൈകൊണ്ട് സോസേജുകൾ ഉണ്ടാക്കാൻ തുടങ്ങി.
ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിനായി ഉയർന്ന നിലവാരമുള്ള സൂപ്പർമാർക്കറ്റിൽ നിന്ന് പ്രീമിയം പന്നിയിറച്ചിയാണ് ടാംഗ് വാങ്ങിയിരുന്നത്. മാത്രമല്ല, ഇറച്ചിയുടെ ഗുണനിലവാരം കാണിക്കുന്നതിനായി ബില്ലുകൾ സ്റ്റാളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സത്യസന്ധത ഉപഭോക്താക്കളെ ആകർഷിക്കാൻ തുടങ്ങി. പിന്നാലെ ആളുകൾ കേട്ടറിഞ്ഞ് കടയിലെത്താൻ തുടങ്ങി.
വർഷങ്ങൾക്കിപ്പുറം ടാംഗിന്റെ റോസ്റ്റ് സോസേജ് സംരംഭം തെരുവ് കടയ്ക്ക് അപ്പുറത്തേക്ക് വികസിച്ചു. ഇപ്പോൾ അദ്ദേഹം പ്രതിദിനം ഏകദേശം രണ്ട് ടൺ സോസേജുകൾ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉടമയാണ്. ഷോപ്പിംഗ് സെന്ററുകൾക്കുള്ളിൽ ഒന്നിലധികം ഔട്ട്ലെറ്റുകൾ തുറക്കുകയും ചെയ്തു. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലും ടാംഗ് ശ്രദ്ധനേടി. ഇപ്പോൾ 1.2 ദശലക്ഷം ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിനുള്ളത്.