
കൊല്ലം: പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാൻ മടിയുള്ള മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ആത്മവിശ്വാസം പകർന്ന് സാമൂഹ്യനീതി വകുപ്പിന്റെ 'മന്ദഹാസം' പദ്ധതി. കൊഴിഞ്ഞു പോയതും കേടായതുമായ പല്ലുകൾക്കു പകരം കൃത്രിമ പല്ലുകൾ സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുകയാണ്. 2016ൽ ആണ് പദ്ധതി ആരംഭിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അറുപത് വയസ് കഴിഞ്ഞവരുടെ ചിരിക്ക് തിളക്കം കൂട്ടാനാണ് മന്ദഹാസം പദ്ധതി ആരംഭിച്ചത്. ഈ വർഷം ഇതുവരെ 73 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. അതിൽ 35 എണ്ണം അംഗീകരിച്ചു. ബാക്കിയുള്ളവ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
പല്ലുകൾ പൂർണമായും നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ടവർ, ശേഷിച്ചവ ഉപയോഗമില്ലാതെ നീക്കേണ്ടി വന്നവർ എന്നിവർക്കാണ് കൃത്രിമ പല്ലിന് സഹായം നൽകുന്നത്. വയോജനസംരക്ഷണ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന ഫണ്ടിൽ നിന്നാണ് മന്ദഹാസം പദ്ധതിക്ക് ആവശ്യമായ തുക ചെലവഴിക്കുന്നത്. 10,000 രൂപയാണ് ഒരാൾക്ക് ചെലവഴിക്കുന്നത്.
സർക്കാർ ആശുപത്രികളിലെ ദന്തൽ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നൽകണം. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ആശുപത്രിയിലെ ദന്തൽ ഡോക്ടർ എന്നിവർ ഉൾപ്പെടുന്ന സമിതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും. തുക ആശുപത്രിക്ക് നേരിട്ടാണ് കൈമാറുക. ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ പദ്ധതി പ്രകാരം പല്ലുവയ്ക്കാൻ സൗകര്യമുള്ളത്.
മന്ദഹാസം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് അധികൃതർ പറയുന്നു. എല്ലാവരിലേക്കും പദ്ധതി എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അപേക്ഷകൾ അക്ഷയയിലെ സുനീതി പോർട്ടൽ വഴി
ബി.പി.എൽ റേഷൻ കാർഡ് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, അഗതി മന്ദിരങ്ങളിൽ താമസിക്കുന്നവരെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ശാരീരിക ക്ഷമതയുണ്ടെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.