
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലായി കഴിഞ്ഞ ആറ് മാസത്തിനിടെ 30,000ല്‍ അധികം പേര്‍ നിക്ഷേപ തട്ടിപ്പിന് ഇരയായെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ 1500 കോടിയോളം രൂപയാണ് നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും 30നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. കേസുകളില്‍ നല്ലൊരു ഭാഗവും ബംഗളൂരു, ന്യൂഡല്‍ഹി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചുമാണ്.
ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം സംഭവിച്ച നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നിലധികം (26.38 ശതമാനം) ഇവിടെയാണ്. സാമ്പത്തികമായി മെച്ചപ്പെടണമെന്ന യുവാക്കളുടെ താത്പര്യത്തെയാണ് പ്രധാനമായും തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ തന്നെ മുതിര്‍ന്ന പൗരന്‍മാരാണ് തട്ടിപ്പുകാര്‍ ലക്ഷ്യം വയ്ക്കുന്ന മറ്റൊരു വിഭാഗം.
സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ടെലഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ മെസേജിങ് ആപ്പുകള്‍ വഴിയാണ് ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്ലാറ്റ്ഫോമുകളുടെ എന്‍ക്രിപ്റ്റഡ് സ്വഭാവവും എളുപ്പത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനുള്ള സൗകര്യവും തട്ടിപ്പുകാര്‍ക്ക് സൗകര്യപ്രദമാകുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലിങ്ക്ഡ്ഇന്‍, ട്വിറ്റര്‍ പോലുള്ള ഔദ്യോഗിക പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകള്‍ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.