
കോട്ടയം: ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബു പെരുന്നയിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച സ്വന്തം വീട്ടിലേക്കുള്ള തേക്കുതടികൾ വാങ്ങിയത് ക്ഷേത്രാവശ്യങ്ങൾക്കെന്ന് തെറ്റിദ്ധരിപ്പിച്ചാണെന്ന് റിപ്പോർട്ട്. തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ദേവസ്വം ഗസ്റ്റ് ഹൗസിലേക്കുള്ള പണികൾക്കും തേക്കുതടികൾ ആവശ്യമാണെന്നുപറഞ്ഞ് ബന്ധപ്പെട്ടത് കോട്ടയം നട്ടാശേരിയിലെ വനംവകുപ്പിന്റെ തടിഡിപ്പോയിലാണ്. എന്നാൽ അവിടെ തടി സ്റ്റോക്കില്ലെന്ന് പറഞ്ഞതോടെ പരിചയത്തിലുള്ളയാളുടെ ഡിപ്പോയിൽ നിന്ന് ഏർപ്പാടാക്കിത്തരാൻ മുരാരി ബാബു ആവശ്യപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞതോടെ ഈ ഡിപ്പോയിൽ നിന്ന് തടി നൽകുകയായിരുന്നു.
എന്നാൽ തിരുനക്കരയിലും ഏറ്റുമാനൂരിലും ഈസമയത്ത് ഇത്രയധികം തടിപ്പണികളൊന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ കട്ടിള മാറ്റാനായി പാഴ്ത്തടി എത്തിച്ചെങ്കിലും ഉപദേശക സമിതിയുടെ എതിർപ്പുമൂലം പണി നടന്നില്ല.
2019ലാണ് പെരുന്നയിൽ രണ്ടുനിലകളുള്ള വീട് മുരാരി ബാബു നിർമ്മിച്ചത്. വീടിനുമാത്രം രണ്ടുകോടിയോളം രൂപ ചെലവിട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. തടി ഉരുപ്പടികൾ ഉൾപ്പെടെ മുന്തിയ സാധനങ്ങൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയിൽ നിന്ന് സ്വർണപ്പാളി കടത്തിയതും വീടുനിർമ്മിച്ചതും ഒരേ കാലയളവിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാൽത്തന്നെ വീടുനിർമ്മാണത്തിനുള്ള സാമ്പത്തികസ്രോതസ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞദിവസം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തതും പെരുന്നയിലെ വീട്ടിൽ നിന്നായിരുന്നു. അതേസമയം, മുരാരിബാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.