
തൃശൂർ: കാറിലെത്തിയ സംഘം ചായക്കടയിലിരുന്ന ആളിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഇന്ന് പുലർച്ചെ 4.30ന് തൃശൂർ മണ്ണുത്തി ബൈപ്പാസ് ജംഗ്‌ഷന് സമീപമായിരുന്നു സംഭവം. എടപ്പാൾ സ്വദേശി മുബാറക്കിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗാണ് മോഷണം പോയത്.
ബംഗളൂരുവിൽ നിന്ന് സ്വകാര്യ ബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസിറങ്ങിയ ശേഷം മുബാറക്ക് സമീപത്തെ ചായക്കടയിൽ കയറി. ഈ സമയം ഇന്നോവയിലെത്തിയ അഞ്ചംഗ സംഘം മുബാറക്കുമായി പിടിവലി നടത്തിയ ശേഷം പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
ബസ് വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് അറ്റ്‌ലസ് ബസ് ഉടമ മുബാറക്ക് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പണം തട്ടിയെടുത്തവർ എത്തിയ ഇന്നോവയുടെ മുൻഭാഗത്തും പിൻഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്ന നമ്പറുകൾ വ്യത്യസ്‌തമാണെന്നും മുബാറക്കിന്റെ മൊഴിയിലുണ്ട്. സംഭവത്തിൽ ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കുഴൽപ്പണ സാദ്ധ്യതയടക്കം പൊലീസ് സംശയിക്കുന്നുണ്ട്.