
കൊച്ചി: ആരാധകരെ നിരാശരാക്കി അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെയും സൂപ്പർ താരം ലയണൽ മെസിയുടെയും കേരള സന്ദർശനം മാറ്റിവച്ചു. അടുത്ത മാസം കൊച്ചിയിൽ നടക്കാനിരുന്ന സൗഹൃദ മത്സരം മാറ്റിവച്ചതായി പരിപാടിയുടെ സ്‌പോൺസർ അറിയിക്കുയായിരുന്നു.
നവംബർ 17ന് മെസി നയിക്കുന്ന അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പരിപാടിയുടെ സ്‌പോൺസറായ ആന്റോ അഗസ്റ്റിനും സംസ്ഥാന കായിക വകുപ്പും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചിരുന്നത്.
എന്നാൽ ഇവിടെ മത്സരം നടത്താൻ ഫിഫ അനുമതി നൽകിയിട്ടില്ലാത്തതിനാൽ മത്സരം അടുത്ത മാസം നടക്കില്ലെന്നാണ് ആന്റോ അഗസ്റ്റിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അടുത്ത മത്സരം എന്നത്തേക്കാണെന്ന് ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ അംഗോളയിൽ മാത്രമാണ് അർജന്റീന സൗഹൃദ മത്സരം കളിക്കുകയെന്നാണ് അർജന്റീന മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അർജന്റീന ടീമിന്റെ എതിരാളികളായി നിശ്ചയിച്ചിരുന്ന ഓസ്ട്രേലിയൻ ടീമും മത്സരത്തിൽ നിന്ന് പിന്മാറിയിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വലിയ കായിക മാമാങ്കമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.