
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. സ്വർണക്കൊള്ള മറച്ചുവയ്ക്കാനാണ് ദേവസ്വം ബോർഡ് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ ഇരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. ബോർഡിന് പറ്റിയ തെറ്റാണതെന്ന് മനസ്സിലാക്കി ബന്ധപ്പെട്ട അധികാരികൾക്ക് ദേവസ്വം ബോർഡ് വിശദീകരണ നോട്ടീസ് നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കൊള്ളയിലെ എല്ലാ കുറ്റക്കാരും ശിക്ഷിക്കപ്പെടണം. ഭഗവാന്റെ ഒരുതരി സ്വർണം പോലും നഷ്ടപ്പെടാൻ പാടില്ല. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരല്ലാതെ മറ്റ് ഉന്നതരും പങ്കാളികളാണെങ്കിൽ കുറ്റക്കാരെ കണ്ടെത്തുമെന്നും ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറ്റവാളികളിലേക്ക് അന്വേഷണം എത്തുമെന്ന് വിശ്വാസമുണ്ടെന്നും മുരാരി ബാബു കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടാൽ പെൻഷൻ ആനുകൂല്യങ്ങൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ദേവസ്വം ബോർഡിന് ഒന്നും മറയ്ക്കാനോ ഒളിക്കാനോയില്ല. ദേവസ്വം ബോർഡിനെ കുടുക്കുകയെന്ന ലക്ഷ്യമായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്കുണ്ടായിരുന്നതെന്നും സ്വർണം കണ്ടെത്താൻ കാരണക്കാരായതും ദേവസ്വം ബോർഡാണെന്നും പ്രശാന്ത് വ്യക്തമാക്കി.